ഇവനാണ് ആ കഥാപാത്രം!; ലൈറ്റിട്ട് കാർ ഫയർ സ്റ്റേഷനിലേക്ക്, എല്ലാ ദൈവങ്ങളെയും വിളിച്ച നിമിഷം

kottayam-alfin.jpg.image.845.440
SHARE

‘എല്ലാ ദൈവങ്ങളെയും വിളിച്ച നിമിഷം. കുഞ്ഞിന്റെ വിമ്മിഷ്ടം കണ്ട് തല കറങ്ങിപ്പോയി. പെട്ടെന്നു തന്നെ ഫയർഫോഴ്സിന്റെ അടുത്തേക്കു പോകാൻ തോന്നിയതു രക്ഷയായി.’

വീട്ടിൽ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരൻ ആൽഫിന് ഉണ്ടായ  അപകടത്തെക്കുറിച്ചു പറയുമ്പോൾ രക്ഷിതാക്കൾ പുതുപ്പള്ളി എള്ളുകാലാ മുട്ടത്തുശേരിൽ വിജയ് എം.കോരയുടെയും ചിഞ്ചുവിന്റെയും  നടുക്കം മാറുന്നില്ല.  ഞായറാഴ്ച വൈകിട്ട് 5.30നാണു സംഭവം.

അടുക്കളയിൽ  അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്നു ആൽഫിൻ.  ഇതിനിടെ പാത്രം എടുത്ത് ആൽഫിൻ തൊട്ടടുത്ത ഹാളിലേക്കു  പോയി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചി‍ഞ്ചു നോക്കിയപ്പോഴാണ് പാത്രം നെറ്റി വരെ ഇറങ്ങിയ നിലയിൽ കണ്ടത്. 

എടുക്കാൻ ശ്രമിച്ചെങ്കിലും തലയിൽ മുറുകി ഇരുന്നതിനാൽ സാധിച്ചില്ല. കുഞ്ഞ് ഉറക്കെക്കരയാൻ തുടങ്ങി. ഒട്ടും അമാന്തിച്ചില്ല, ഉടൻ  കോട്ടയം ഫയർ സ്റ്റേഷനിലേക്ക് കുഞ്ഞിനെ വിജയ് കാറിലെത്തിച്ചു. 

ലൈറ്റിട്ട്  കാർ ഫയർ സ്റ്റേഷനിലേക്ക്

‘10 മിനിറ്റേ വേണ്ടി വന്നുള്ളു. എല്ലാ ഭംഗിയായി നടന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാനാണ് കുറച്ചു സമയം വേണ്ടി വന്നത്.’ പാത്രം അപകടമില്ലാതെ മുറിച്ചു മാറ്റിയ അഗ്നി രക്ഷാ സേനാംഗങ്ങൾ പറയുന്നു. 

പുളിമൂട് കവലയ്ക്കു സമീപത്തെ ഓഫിസ് വളപ്പിലേക്ക് ലൈറ്റിട്ട് വേഗത്തിൽ വന്ന കാർ കണ്ട് ജീവനക്കാർ ഒരു നിമിഷം അമ്പരന്നു.  സംഭവം മനസ്സിലായതോടെ കുട്ടിയുടെ രക്ഷിതാക്കളെ സമാധാനിപ്പിച്ചു. പക്ഷേ, കുട്ടി ആകെ പേടിച്ചു പോയി.

ഫോണിൽ കാർട്ടൂൺ കാട്ടിക്കൊടുത്താണ് പേടിമാറ്റിയതെന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ. പ്രസേന്ദ്രൻ പറഞ്ഞു. ഓഫിസിലെ എല്ലാവരും സഹകരിച്ചാണ് കുട്ടിയുടെ തലയിൽ നിന്നു പാത്രം എടുത്തത്. ഇരു വശവും ചെറുതായി മുറിച്ചതോടെ പാത്രം ഊരിപ്പോന്നു. ഇതോടെ ആശങ്ക ആശ്വാസത്തിനു വഴി മാറി. 

ശ്രദ്ധ വേണം 

കളിച്ചു നടക്കുന്ന കുട്ടികളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. മുതിർന്നവർ കാണിക്കുന്നതു പലതും അനുകരിക്കാനുള്ള പ്രവണ  ഈ പ്രായത്തിൽ കൂടുതലാണ്. കുട്ടികൾക്ക് എന്തും കടിച്ചു നോക്കുന്ന സ്വഭാവമുണ്ട്.

കയ്യിൽ കിട്ടുന്ന സാധനങ്ങൾ വായിലേക്കും കൊണ്ടുപോകും.   വിഴുങ്ങാനും സാധ്യത. ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. 

∙  മുറിവ് ഉണ്ടാകുന്ന സാധന സാമഗ്രികൾ കളിക്കാൻ കൊടുക്കരുത്.  ∙  കത്തി, മൂർച്ചയുള്ള മറ്റിനങ്ങൾ എന്നിവ മേശപ്പുറത്ത് കുട്ടികൾ കാണുംവിധം വയ്ക്കരുത്. 

∙  കുട്ടികളുടെ കയ്യെത്തും ദൂരത്ത് കൊതുകു നാശിനികൾ, സോപ്പ്, തീപ്പെട്ടി, വിളനാശിനികൾ എന്നിവ സൂക്ഷിക്കരുത്.  ∙  അടുക്കളയിൽ കളിക്കാൻ അനുവദിക്കാതെ ഇരിക്കുന്നതാണ് ഉചിതം.  

∙  കട്ടിലിൽ കയറി പുതപ്പും  വിരിപ്പും തലയിണയും ചുറ്റി കളിക്കാൻ അനുവദിക്കരുത്. ∙  പുറത്തേക്കുള്ള വാതിൽ തുറന്നിടരുത്.  ∙   ഇറുകിയ വസ്‌ത്രങ്ങൾ ഒഴിവാക്കുക. കാറ്റു കയറുന്നതും അയഞ്ഞതുമായ കോട്ടൺ വസ്‌ത്രങ്ങളാണ് ഉചിതം.

- ഡോ. വി. സതീഷ് , പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, എറണാകുളം

MORE IN KERALA
SHOW MORE
Loading...
Loading...