തൊഴുതാൽ കരളലിയും; രാത്രി ഉറക്കമില്ല; പൊലീസുകാരുടേയും പേടിസ്വപ്നം; ഒടുവിൽ കുടുങ്ങി

vineeth-criminal
SHARE

 ദേശീയപാതകൾ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കത്തി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീതിനെ (23) ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സുരക്ഷ പരിഗണിച്ചു തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയ വിനീതിനെ ഇന്നു കോടതിയിൽ ഹാജരാക്കും.  കൊല്ലം ജില്ലയിൽ ചവറ, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കുണ്ടറ, ചടയമംഗലം, പാരിപ്പള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലും വിനീതിനെതിരെ കേസുണ്ട്.

ബെംഗളൂരുവിൽ നിന്ന് അടുത്തിടെ വാൻ മോഷ്ടിച്ചതും വിനീത് ആണെന്നു തെളിഞ്ഞു. ബെംഗളൂരു പൊലീസ് ഇന്നലെ കൊല്ലം പൊലീസുമായി ബന്ധപ്പെട്ടു പ്രതിയെ തിരിച്ചറിഞ്ഞു. ബെംഗളൂരു പൊലീസും ഇയാളെ കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴ ചെങ്ങന്നൂരിൽ നിന്നു കാർ കവർന്നു കൊല്ലത്തേക്കു മുങ്ങിയ വിനീത്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തി വരവെ, കഴിഞ്ഞ പുലർച്ചെ കൊല്ലം നഗരത്തിൽ വച്ചാണു പൊലീസിന്റെ വലയിലായത്.  

വരാൽ വിൽപനയിൽ തുടങ്ങി

ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച വിനീത്, മറ്റു 3 പേരോടൊപ്പം എടത്വയിലെ ഒഴിഞ്ഞ വീട്ടിൽ താമസമാക്കിയതോടെയാണു മോഷണത്തിലേക്കു തിരിയുന്നത്. കായലിൽ നിന്നു വരാൽ മീൻ പിടിച്ചു ദേശീയപാതയിൽ വിൽപന നടത്തിയാണു സംഘത്തിന്റെ തുടക്കം. ഇടയ്ക്ക്, ബേക്കറിയിൽ നിന്നു ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചതിനു പിടിയിലായി കുട്ടികളുടെ ജയിലിൽ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.  ബൈക്ക്, കാർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മെക്കാനിക്കൽ-ഇലക്ട്രിക്കൽ കാര്യങ്ങളെക്കുറിച്ചു നല്ല അറിവുള്ള വിനീത്, ബൈക്ക് മോഷ്ടാക്കളായ ചെറുപ്പക്കാർ കൊണ്ടുവരുന്ന വാഹനങ്ങൾ കണ്ടാണു ബൈക്ക് മോഷണത്തിൽ ആകൃഷ്ടനായത്.

നേരത്തെ സൈക്കിൾ മോഷ്ടിച്ചതിനു പിടിയിലായെങ്കിലും ബന്ധുക്കൾ ഇടപെട്ടു പൊലീസിൽ നിന്നു മോചിപ്പിച്ചിരുന്നു. ഇതിനിടെ, പ്രദേശവാസിയായ ഒരു  ബൈക്ക് മോഷ്ടാവ് തോട്ടിൽ 24 ബൈക്കുകൾ ഒളിപ്പിച്ചു. ഇതിൽ ഒരെണ്ണം വിനിതിനും കിട്ടി. ഇതോടെ ബൈക്ക് മോഷണത്തിലായി ശ്രദ്ധ. കേസുകളിൽപ്പെട്ട്  പിടിയിലായി 2019 ൽ ഇറങ്ങിയെങ്കിലും എറണാകുളത്തു കുത്തുകേസിൽ വീണ്ടും പിടിക്കപ്പെട്ടു. അന്നു ജയിലിലായെങ്കിലും 20000 രൂപ സംഘടിപ്പിച്ചു ജാമ്യത്തിലിറങ്ങുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. 

നീന്തി വന്നു, കാമുകിയെ കാണാൻ

എറണാകുളത്തു പിടിയിലായി, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്്മെന്റ് സെന്ററിൽ പാർപ്പിച്ചിരിക്കെ, അവിടെ നിന്നു രക്ഷപ്പെട്ട വിനീത്, എടത്വയിലെ ബന്ധുവീട്ടിലായിരുന്ന കാമുകി ഷിൻസിയെ കാണാൻ കായൽ നീന്തിയാണ് എത്തിയത്. ഷിൻസിയെ കണ്ടെങ്കിലും ഒപ്പം വിടാൻ ബന്ധുവീട്ടുകാർ തയാറായില്ല.  നേരത്തെ ഷിൻസിയെ അവരുടെ വീട്ടിൽ നിന്നു വിളിച്ചിറക്കി വിനീത് സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും അവിടെ താമസിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. വിനീതിന് അന്ന് 21 വയസ്സും ഷിൻസിക്ക് 19 വയസ്സുമായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ വിനീതും ഷിൻസിയും ആ രാത്രി മുഴുവൻ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കഴിഞ്ഞു. പിന്നീട് ഷിൻസിയെ ബന്ധുവീട്ടിലാക്കി വിനീത് എറണാകുളത്തേക്കു പോയി. അവിടെ മോതിരം കവർന്ന കേസിൽ പിടിക്കപ്പെട്ടു. പിന്നീട് കോന്നിയിൽ റബർ വെട്ടുകാരനായും ജോലി നോക്കി. 

സിനിമാ സ്റ്റൈലിൽ രക്ഷപ്പെടൽ

എറണാകുളത്തുവച്ചു പരിചയപ്പെട്ട മിഷേലുമായി വിനീത് തമിഴ്നാട്ടിലേക്കു പോയതു കായംകുളത്തു നിന്നു മോഷ്ടിച്ച വാനിലായിരുന്നു. ഷിൻസിയും മറ്റു 3 പേരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ കേസിൽ പൊലീസ് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ പൊലീസിനെ കണ്ട സംഘം പല ദിക്കിലേക്ക് ഓടി. ഷിൻസിയുടെ കൈ പിടിച്ചു സിനിമാ സ്റ്റൈലിൽ വിനീത് ഓടി രക്ഷപ്പെട്ടു. വരുന്ന വഴി ബൈക്ക് മോഷ്ടിച്ച് അതിൽ മാർത്താണ്ഡത്തെത്തി അവിടെ പരിചയക്കാരന്റെ വീട്ടിൽ രാത്രി തങ്ങി. പിന്നീട് പാരിപ്പള്ളിയിലെത്തി വാൻ കവർന്നു. ഷിൻസിയുമൊത്ത് ഇതിൽ പോകവെ, എടത്വ ഭാഗത്തുവച്ചു വാനിൽ പെട്രോൾ തീർന്നു. അവിടെ വച്ചു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥൻ സമീപിച്ചെങ്കിലും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. 

ഇന്ധനം നിറയ്ക്കും, വണ്ടി വിടും

ഹൈവേ കൊള്ളയ്ക്കു രാത്രി വിനീത് ഇറങ്ങിയാലുടൻ, ആദ്യം ചെയ്യുക വണ്ടി മോഷ്ടിക്കുകയാണ്. കോന്നിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് അതിൽ ബെംഗളൂരുവിലേക്കു പോയ ഇയാൾ അവിടെ നിന്നു വാൻ മോഷ്ടിച്ച് അതിൽ തലശ്ശേരിയിലെത്തി. ഇന്ധനം തീരുമ്പോൾ ഓരോ പമ്പുകളിൽ കയറി നിറയ്ക്കും. ഇന്ധനം നിറച്ചാലുടൻ വണ്ടി വിട്ടു കടന്നുകളയുകയാണു പതിവ്. തടഞ്ഞാൽ കത്തി കാട്ടി വിരട്ടും.

കൊല്ലത്തെത്തി കുടുങ്ങി

ചെങ്ങന്നൂരിൽ നിന്നു മോഷ്ടിച്ച കാറുമായി രാവിലെ കൊല്ലം നഗരത്തിൽ എത്തിയ ഇയാൾ ഇവിടെ അൽപനേരം തങ്ങിയതാണു വിനയായത്. കൊല്ലം നഗരത്തിൽ പരിചയപ്പെട്ടയാളെ പിന്തുടർന്ന പൊലീസിനെ കണ്ട് ഇയാൾ കാർ ഉപേക്ഷിച്ച് ഓടി.  എസ്എംപി പാലസിനടുത്തു നിന്നു ബൈക്ക് മോഷ്ടിച്ച് അതിൽ പള്ളിത്തോട്ടത്തെത്തി. അവിടെ നിന്നു മറ്റൊരു ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷ്ടിച്ച് നാഗർകോവിലിലേക്ക്. അവിടെ നിന്നു രാത്രി തന്നെ തിരിച്ചെത്തി ചവറയിലും ശാസ്താംകോട്ടയിലുമൊക്കെ കൊള്ള നടത്തി തിരുവനന്തപുരത്തേക്കു മടങ്ങി തമ്പാനൂർ ബസ് സ്റ്റാൻഡിൽ രാത്രി കിടന്നു. അവിടെ നിന്നു ചടയമംഗലം വഴി വീണ്ടും കൊല്ലത്തെത്തിയപ്പോഴാണ് പിടിയിലായത്. 

തൊഴുതാൽ കരളലിയും

വാഹനം തടഞ്ഞു നിർത്തി കൊള്ള നടത്തുമ്പോൾ, തൊഴുതു യാചിച്ചവരോടു വിനീത് ‘കനിവ്’ കാട്ടിയ സംഭവങ്ങളുമുണ്ടെന്നു പൊലീസ്. ഒരാളെ വിരട്ടി പണം കവർന്നപ്പോൾ വണ്ടിയ്ക്കു പെട്രോളടിക്കാൻ  പണമില്ലെന്ന് അയാൾ പറഞ്ഞപ്പോൾ 200 രൂപ തിരിച്ചു കൊടുത്തു.  അതും വാങ്ങി ജീവനും കൊണ്ട് അയാൾ രക്ഷപ്പെട്ടു. വീട്ടിൽ ഭാര്യയും മകനും മാത്രമേയുള്ളൂവെന്നും ഭാര്യ തളർന്നു കിടക്കുകയാണെന്നും മറ്റൊരാൾ പറഞ്ഞപ്പോൾ വിരട്ടി വാങ്ങിയ പണം തിരിച്ചുകൊടുത്തുവത്രെ. വാഹനങ്ങൾ തടഞ്ഞു നിർത്തി കത്തി കാട്ടുമ്പോൾ തന്നെ ഒരുവിധപ്പെട്ടവരൊക്കെ വിരണ്ടു പോകുമെന്നു പൊലീസ്. ചോദിക്കുന്നതെല്ലാം കൊടുത്തു തടി രക്ഷപ്പെടുത്തുന്നതിനാൽ വിനീതിന് കാര്യമായ ആക്രമണം നടത്തേണ്ടി വന്നിട്ടില്ല. പതിവായി മദ്യപിക്കുന്ന ശീലമുള്ള ഇയാൾ മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുമെന്നു പൊലീസ് സംശയിക്കുന്നു. ഇതു വിനീത് സമ്മതിച്ചിട്ടില്ല. 

തെക്കൻ ജില്ലകളിൽ കവർച്ചാ പരമ്പര 

എന്തും ചെയ്യാനുള്ള മനസ്സാണു വിനീതിനെ ചുരുങ്ങിയ നാൾ കൊണ്ടു നാട്ടുകാരുടെ പേടിസ്വപ്നമാക്കിയത്. ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ തെക്കൻ ജില്ലകളിൽ കവർച്ചാ പരമ്പര തന്നെ നടത്തിയ ഇയാൾ പൊലീസുകാർക്കും പേടി സ്വപ്നമായി. കഷ്ടിച്ച് 50 -55 കിലോഗ്രാമിലേറെ മാത്രം തൂക്കമുള്ള ഇയാൾ രാത്രി ഉറങ്ങുന്ന പതിവില്ലെന്നു പൊലീസ്. മോഷ്ടിക്കുന്ന വാഹനങ്ങളിൽ കറങ്ങിക്കൊണ്ടേയിരിക്കും. പൊലീസ് സാന്നിധ്യം കണ്ടാൽ ബസ് സ്റ്റാൻഡിലോ മറ്റോ കയറിക്കിടക്കും. 

കഴിഞ്ഞ സെപ്റ്റംബറിനു ശേഷമാണു വിനീത് ഹൈവേ കൊള്ളയിൽ സജീവമാകുന്നത്. കാമുകി ഷിൻസിയും മറ്റു കൂട്ടാളികളുമൊക്കെ ജയിലിലായതോടെ അടുത്തിടെയായി ഒറ്റയ്ക്കായിരുന്നു ഓപ്പറേഷനുകൾ. പ്രായത്തിന്റെ ആവേശത്തിനു വാഹനങ്ങൾ മോഷ്ടിക്കുന്നതും കൊള്ള നടത്തുന്നതായും ലഹരിയായി ഇയാൾ കൊണ്ടു നടന്നു, പൊലീസിന്റെ കെണിയിൽ വീഴും വരെ

MORE IN KERALA
SHOW MORE
Loading...
Loading...