ജയിലിൽ ചാടാൻ വിരുതൻ; എയർ ഫാൻ ദ്വാരത്തിലൂടെ മുങ്ങും; വടിവാൾ വിനീതിന്റെ കഥ

vineeth-arrest-police
SHARE

ഒക്ടോബർ 24ന് കൊച്ചിയിൽവച്ചു കൈവിലങ്ങോടെ പൊലീസ് ജീപ്പിൽനിന്ന് ഓടിപ്പോയപ്പോഴാണ് വിനീത് ആദ്യം വാർത്തയി‍ൽ  നിറഞ്ഞത്.  കോവിഡ് ടെസ്റ്റ് നടത്തി തിരികെ കൊണ്ടുപോകുമ്പോൾ കാക്കനാട് സിഗ‌്നൽ ജംക്‌ഷനിൽ വച്ച് ഓടിപ്പോയ വിനീതിനെ പിറ്റേന്നു പിടികൂടി. ഡിസംബറിൽ തിരുവല്ല കാവുംഭാഗത്തും മതിൽഭാഗത്തും പ്രഭാതസവാരിക്കാരെ ആക്രമിച്ച കേസിൽ വിനീതും കൂട്ടാളി ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ഷിൻസിയും (അഞ്ജു – 19) പിടിയിലായിരുന്നു. പാരിപ്പള്ളിയിലെ വർക്ക്ഷോപ്പിൽ നിന്നു മോഷ്ടിച്ച വാനിലായിരുന്നു ഇവരുടെ സഞ്ചാരം.

അക്രമത്തിനു ശേഷം നെടുമ്പ്രത്തു വാൻ ഉപേക്ഷിച്ച് അവിടെനിന്നു മോഷ്ടിച്ച ബൈക്കിൽ യാത്ര. പിന്നീടു കൊച്ചി പൊലീസിന്റെ പിടിയിലായി. കൊച്ചി പനങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ അറസ്റ്റിലായ വിനീതും മിഷേലും പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽനിന്നു മുങ്ങിയത് ഡിസംബർ അവസാനമാണ്. ശുചിമുറിയിൽ ഫ്രഷ് എയർ ഫാൻ ഘടിപ്പിക്കാൻ നിർമിച്ച ദ്വാരത്തിലൂടെയായിരുന്നു രക്ഷപ്പെടൽ. മു‍ൻപു കൊരട്ടിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽനിന്നു ഡ്രാക്കുള സുരേഷ് എന്നയാളോടൊപ്പം ഇതേ രീതിയിൽ വിനീത് കടന്നുകളഞ്ഞിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്നു രക്ഷപ്പെട്ട സംഘം തിരുവല്ല, ചെങ്ങന്നൂർ, തൃക്കാക്കര, പാലാരിവട്ടം, പനങ്ങാട്, നെടുമുടി, പുളിക്കീഴ്, കോയിപ്രം, മാവേലിക്കര, കരുനാഗപ്പള്ളി, കൊല്ലം, കിളിമാനൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലാണു സംഘം പ്രധാനമായും കൊള്ള നടത്തിയത്.  ബൈക്കുകളും കാറുകളും തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ നാളുകളായി നടത്തിയ ആസൂത്രണങ്ങൾക്കൊടുവിലാണു വടിവാൾ വിനീതിനു കുരുക്കു വീണത്. ഇതിനായി വിവിധ എസിപിമാരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘങ്ങളെ തന്നെ നിയോഗിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തു കവർച്ചാ ശ്രമം ഉണ്ടായെന്ന വിവരം ലഭിച്ചതു മുതൽ പൊലീസ് സേന  ജാഗ്രതയിലായിരുന്നു.

പുലർച്ചെ 2 മണി മുതൽ കമ്മിഷണറുടെ നിർദേശപ്രകാരം അധിക പട്രോളിങ് സംഘം പരിശോധനയ്ക്കായി രംഗത്തെത്തി. എസിപിമാരായ എ.പ്രദീപ്കുമാർ, ബി.ഗോപകുമാർ, സിഐമാരായ എ.നിസാർ, സി.ദേവരാജൻ, എസ്.ഷെരീഫ്, യു.പി.വിപിൻകുമാർ, എ.നിസാമുദ്ദീൻ, എസ്.മഞ്ജുലാൽ എന്നിവർക്കൊപ്പം എസ്ഐ റാങ്ക് മുതൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരടക്കം നൂറോളം പേരാണു വിനീതിനു കെണിയൊരുക്കിയത്.

തുടരെ കവർച്ച, പിന്തുടർന്ന് പൊലീസ് 

തിങ്കൾ പുലർച്ചെ ചെങ്ങന്നൂരിൽ വിഡിയോഗ്രഫർ ആലപ്പുഴ വള്ളികുന്നം സ്വദേശി ശ്രീപതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും ക്യാമറയും തട്ടിയെടുത്താണു വിനീത് കൊല്ലത്തെത്തിയത്. ഇയാളെ ചൊവ്വാഴ്ച പൊലീസ് വളഞ്ഞെങ്കിലും കാർ ഉപേക്ഷിച്ചു കടന്നു. കൊല്ലം പള്ളിത്തോട്ടത്തു നിന്നു ബൈക്ക് കവർന്ന ഇയാൾ ഇന്നലെ പുലർച്ചെ 1.50നു കിളിമാനൂർ ഇരട്ടച്ചിറയിലെ പെട്രോൾ പമ്പിലെത്തി കത്തി കാട്ടി പണം തട്ടാൻ ശ്രമം നടത്തി. 

തുടർന്ന് 3 മണിയോടെ എംസി റോഡിൽ ചടയമംഗലത്തെത്തി, ഇളവക്കോട്ട് മത്സ്യവിൽപനക്കാരനായ മലപ്പേരൂർ സ്വദേശി ഷാജിയെ വടിവാൾ കാട്ടി വിരട്ടി 1000 രൂപയും മൊബൈൽ ഫോണും കവർന്നു. തുടർന്ന് ആയൂരിൽ വഴിയരികിൽ കാറിൽ ഉറങ്ങുകയായിരുന്ന വർക്കല സ്വദേശി രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു കൊല്ലത്തേക്കു നീങ്ങി.  കിളിമാനൂരിൽ വിനീത് എത്തിയെന്ന വിവരം തിരുവനന്തപുരം റൂറൽ പൊലീസ് കൊല്ലം പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ 4 മണിയോടെ കൊല്ലം നഗരത്തിലെത്തിയ ഇയാളെ സേന പിന്തുടർന്നു.

പൊലീസിനെക്കണ്ടു പാഞ്ഞ ഇയാളെ കടപ്പാക്കട ജംക്‌ഷനിൽ വാഹനങ്ങൾ കുറുകെയിട്ടു തടയാൻ ശ്രമിച്ചു. ഇതോടെ വിനീത് പൊലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഡിവൈഡറിൽ ഇടിച്ചു കാർ നിന്നു. ഇറങ്ങിയോടിയ വിനീതിനെ പിന്നീടു നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. ഇയാളുടെ പക്കൽനിന്ന് ആയുധങ്ങളടങ്ങിയ ബാഗും കണ്ടെത്തി. കൊല്ലം ഈസ്റ്റ്, ചടയമംഗലം, ചവറ, ശാസ്താംകോട്ട, കുണ്ടറ, ആയൂർ പൊലീസ് സ്റ്റേഷനുകളിൽ പുതിയ കേസ് റജിസ്റ്റർ ചെയ്തു. റിമാൻഡ് ചെയ്ത ഇയാളെ ജില്ലാ ജയിലിൽ കർശന നിരീക്ഷണത്തിലാണു പാർപ്പിച്ചിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...