കട്ടപ്പന നഗരസഭയിലെ കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ട് വർഷം

kattappanawater-02
SHARE

ഇടുക്കി കട്ടപ്പന നഗരസഭയിലെ  കൊങ്ങിണിപ്പടവ് - കുരിശുമല കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ട് വർഷം. 2018 ൽ വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടർ കത്തി നശിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. കുടിവെള്ള പദ്ധതി പുന:സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല.

1999 - 2000 സാമ്പത്തിക വർഷത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൊങ്ങിണിപ്പടവ് കുരിശ്ശുമലപടിയിലെ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഒന്നര പതിറ്റാണ്ടിന് ശേഷം 2018 ൽ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഡീസൽ മോട്ടോർ കത്തി നശിച്ചതോടെ ഈ പദ്ധതി അവതാളത്തിലായി. കുടിവെള്ളം ലഭിക്കുന്നത്  നിലച്ചതോടെ ഉപഭോക്താക്കളായ കുടുംബങ്ങൾ   പുറത്ത് നിന്ന്  വെള്ളം വലിയ വിലയ്ക്ക് വാങ്ങിയാണ് വീടുകളിലെത്തിക്കുന്നത്. ആയിരം ലിറ്റർ കുടിവെള്ളത്തിന് 800 രൂപയാണ് ഒരു കുടുംബം ചിലവാക്കേണ്ടി വരുന്നത് .

2 വർഷങ്ങൾക്കിടയിൽ ഒട്ടേറെ തവണ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് കട്ടപ്പന നഗരസഭയെ അറിയിച്ചിരുന്നു.  2020 ജൂലൈയിൽ പദ്ധതി പുന:സ്ഥാപിക്കുവാൻ ജില്ലാ കലക്ടർ നഗരസഭയ്ക്ക് നിർദ്ദേശവും നൽകി. പിന്നീട്  20,40,800 രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ തയ്യാറാക്കിയെങ്കിലും നടപ്പിലാക്കിയില്ല.

കുരിശുമല കുടിവെള്ള പദ്ധതി പുന:സ്ഥാപിക്കുവാൻ പുതിയ ഭരണസമിതി ഫലപ്രദമായി ഇടപെടണമെന്നാണ്  നാട്ടുകാരുടെ  ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...