പ്രത്യേക പാക്കേജിൽ തീരുമാനം ആയില്ല; ആശങ്കയൊഴിയാതെ തിയേറ്ററുടമകൾ

theatre-2
SHARE

കോവിഡ് പശ്ചാത്തലത്തിൽ പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയറ്ററുകൾ തുറക്കാൻ അനുമതിയായെങ്കിലും സംസ്ഥാനത്തെ തിയറ്ററുടമകൾ ആശങ്കയിൽ.  സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള വെല്ലുവിളിയാണ് തിയറ്ററുടമകൾ നേരിടുന്നത്. തുടർനടപടികൾ ചർച്ച ചെയ്യാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചൊവ്വാഴ്ച കൊച്ചിയിൽ യോഗം ചേരും.

 പത്ത് മാസമായി അടഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുകൾ. കഴിഞ്ഞ മാർച്ചിൽ തിയറ്ററുകൾക്ക് താഴ് വീഴുമ്പോൾ വെള്ളിവെളിച്ചം കാണാതെ പെട്ടിയിലിരുന്നത് അറുപത്തിയാറ് സിനിമകൾ. ഓൺലൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും ഒടുവിൽ ദൃശ്യം രണ്ട് എന്ന മോഹൻലാൽ ചിത്രം വരെ അഷ്ടിക്ക് വക തേടുമ്പോൾ തിയറ്ററിലേക്ക് ഈ കോവിഡ് കാലത്ത് എങ്ങനെ ആളെത്തുമെന്ന ആശങ്കയാണ് സിനിമ മേഖലയിൽ. സർക്കാർ നിശ്ചയിച്ച അഞ്ചിന് തിയറ്ററുകൾ തുറന്നാലും റിലീസ് ചിത്രങ്ങൾ ഉണ്ടാകില്ല. 

മൊത്തം സീറ്റിൽ പകുതി മാത്രം പ്രവേശനം എന്ന് സർക്കാർ മാനദണ്ഡം നിശ്ചയിക്കുമ്പോൾ പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം ഉടമകൾക്ക് വരുത്തിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. ഇതിനിടയിൽ നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി  തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നങ്ങളും പൂർണമായി പരിഹരിച്ചിട്ടില്ല. ഇനി എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാലും സർവ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...