എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ്; തെക്കൻ കേരളത്തിലും ഇടത് ആധിപത്യം

south-kerala
SHARE

ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും തെക്കന്‍കേരളത്തിലെ മൂന്ന് ജില്ലകളിലും എല്‍.ഡി.എഫിന് മേധാവിത്വം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലും ഭൂരിഭാഗം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഫ് അധികാരത്തിലെത്തി. നറുക്കെടുപ്പിലെ ഭാഗ്യവും അവസാന നിമിഷ‌ അട്ടിമറികളും ചിലയിടങ്ങളില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 

തിരുവനന്തപുരത്ത് 73 ഗ്രാമപഞ്ചായത്തുകളില്‍ 51 ല്‍ എല്‍.ഡി.എഫും 17 ല്‍ യു.ഡി.എഫും നാലിടത്ത് ബി.ജെ.പിയും ഭരണം നേടി. പാങ്ങോട് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പാങ്ങോട് എസ്.ഡി.പി.െഎ പിന്തുണയില്‍ എല്‍.ഡി.എഫിന് ഭരണം കിട്ടിയെങ്കിലും രാജിവച്ചു. വെല്‍ഫയര്‍ പാര്‍ട്ടി  ഇവിടെ യു.ഡി.എഫിനെ പിന്തുണച്ചു. വെമ്പായത്ത് എസ്.ഡി.പി.െഎ പിന്തുണ യു.ഡി.എഫ് കിട്ടി. ഇതോടെ ഇരുമുന്നണികള്‍ക്കും തുല്യസീറ്റാവുകയും നറുക്കെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്തു. എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ വിളപ്പിലില്‍ സ്വതന്ത്ര അംഗത്തെ പിന്തുണച്ച് ബി.ജെ.പി അട്ടിമറിജയം നേടി. കൊല്ലത്ത്  68 പഞ്ചായത്തുകളില്‍ 43 ഇടത്ത് എല്‍.ഡി.എഫും 24 ഇടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും ഭരണത്തിലെത്തി..മൂന്ന് മുന്നണികളും തുല്യ സീറ്റ് നേടിയ പോരുവഴി പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

കല്ലുവാതില്‍ക്കലില്‍ ബി.ജെ.പി ഭരണം പിടിച്ചപ്പോള്‍ ബി.ജെ.പി  ഏറ്റവും വലിയ ഒറ്റകക്ഷിയായ നെടുവത്തുരില്‍ വിമതയുടെ പിന്തുണയോടെ യുഡിഎഫ് അട്ടിമറി ജയം നേടി. പത്തനംതിട്ടയില്‍ 29 പഞ്ചായത്ത് എല്‍.ഡി.എഫിനും 19 എണ്ണം  യു.ഡി.എഫും മൂന്നെണ്ണം ബി.ജെ.പിക്കുമാണ്. കോട്ടാങ്ങലില്‍ എസ്.ഡി.പി.െഎയുടെ പിന്തുണയോടെ എല്‍.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും രാജിവച്ചു. അതേസമയം റാന്നിയില്‍ ബി.ജെ പിയുമായി ചേര്‍ന്ന് എല്‍.ഡി.എഫ് അധികാരം പിടിച്ചു. പത്തനംതിട്ട ചിറ്റാറില്‍ യു.ഡി.എഫിലെ ഭിന്നത മുതലെടുത്ത് എല്‍.ഡി.എഫ് ഭരണത്തിലേറി.  തിരുവനന്തപുരത്ത് പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍.ഡി.എഫ് നേടിയപ്പോള്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തി. കൊല്ലത്തും സമാനമാണ് അവസ്ഥ.പത്തനംതിട്ടയിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായി തിരുവനന്തപുരത്ത്  സി.പി.എമ്മിലെ ഡി.സുരേഷ്കുമാറും   പത്തനംതിട്ടയില്‍ ഒാമല്ലൂര്‍ ശങ്കരനും കൊല്ലത്ത്  സി.പി.െഎയിലെ സാം കെ ഡാനിയേലും അധികാരമേറ്റു. 

MORE IN KERALA
SHOW MORE
Loading...
Loading...