ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും; തിരുത്തണം: സുനിൽ പി. ഇളയിടം

pinarayi-sunil-elayidom
SHARE

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ ഇടതുപക്ഷ സഹയാത്രകരിൽ നിന്നുപോലും കടുത്ത എതിർപ്പാണ് സർക്കാർ നേരിടുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടവും സർക്കാർ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്., സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ , അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയാറാകണം.’ സുനിൽ പി ഇളയിടം കുറിച്ചു. 

സൈബര്‍ മാധ്യമം എന്ന് പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്ന് വ്യക്തമാക്കിയാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി. അശ്ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ഭാഗ്യലക്ഷമി നല്‍കിയ ആ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍. ഈ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കുന്ന പൊലീസ് നിയമ ഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സി.പി.ഐ പോലും ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതല്ല സത്യമെന്ന് വിഞ്ജാപനമിറങ്ങിയതോടെ വ്യക്തമായി. രണ്ട് തരത്തിലാണ് നിയമഭേദഗതിയില്‍ അപകടം ഒളിഞ്ഞിരിക്കുന്നത്. സൈബര്‍ മീഡിയ എന്നതിന് പകരം എല്ലാതരത്തിലുമുള്ള വിനിമയോപാധി എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടെ പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങി, ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാവും. ഇവയില്‍ വരുന്ന വാര്‍ത്തയും ചിത്രവും ദൃശ്യവും അടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവും വ്യാജമാണെന്ന് പരാതി ലഭിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന ക്കുറ്റം ചുമത്തി കേസെടുക്കാം. 

മറ്റൊന്ന് ഏതൊരാള്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയാണ്. സാധാരണമായി അപമാനിക്കപ്പെട്ട വ്യക്തി നേരിട്ട് പരാതി നല്‍കിയാലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി അപമാനിക്കപ്പെട്ടയാളോട് താല്‍പര്യമുള്ളയാളുടെ പരാതിയും നിലനില്‍ക്കും. അതായത് മുഖ്യമന്ത്രിയേ അപമാനിച്ചെന്ന് ഏതൊരാള്‍ പരാതി നല്‍കിയാലും കേസെടുക്കാനാവും.

MORE IN KERALA
SHOW MORE
Loading...
Loading...