സീറ്റ് കൊടുക്കാതെ എയിംസ്; വിടാതെ പോരാടി കണ്ണന്താനം; ഒപ്പം വിമാനടിക്കറ്റും

alphons-kannanthanam-pic
SHARE

മൂന്നു ദിവസം നീണ്ട ഒരു യുദ്ധം ജയിച്ച സന്തോഷത്തിലാണ് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൈവിട്ടു പോയെന്നുകരുതിയ എയിംസ് മെഡിക്കൽ സീറ്റ് തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഫോർട്ടുകൊച്ചി സ്വദേശിനി ഫർഹീനും. ഒബിസി ക്വാട്ടയിൽ റാങ്ക് പട്ടികയിൽ 10ാം റാങ്കുണ്ടായിട്ടും പ്രോസ്പെക്ടസിൽ പറയാത്ത സാങ്കേതിക വാദം ഉയർത്തി കഴിഞ്ഞ ദിവസം എയിംസ് അധികൃതർ ഫർഹീന് സീറ്റ് നിരസിച്ചിരുന്നു. ഇത് അൽഫോൻസ് കണ്ണന്താനം എംപിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അദ്ദേഹം കേന്ദ്രമന്ത്രി ഹർഷവർധനെ കാര്യങ്ങൾ ധരിപ്പിച്ചു കത്തെഴുതി. ഒരു മലയാളിപ്പെൺകുട്ടിക്കു വേണ്ടി മന്ത്രി എയിംസ് അധികൃതരുമായി ഇന്നു നടത്തിയ യോഗത്തിനുശേഷം സീറ്റ് അനുവദിക്കുകയായിരുന്നു. ഇന്നു തന്നെ ഡൽഹിയിലേക്ക് എത്താൻ ഫർഹീനും സഹോദരനും വിമാനടിക്കറ്റ് എടുത്തു നൽകിയിരിക്കുകയാണ് കണ്ണന്താനം.

ഒന്നാം അലോക്കേഷനിൽ ഉൾപ്പെട്ടിരുന്നതിനാൽ കഴിഞ്ഞ 11ാം തീയതിയാണ് ഫർഹീൻ എയിംസിൽ അഡ്മിഷനായി എത്തുന്നത്. 10ാം തീയതി ലഭിച്ച ഒബിസി സർട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നത്. പ്രോസ്പെക്ടസ് പ്രകാരം ഒരു വർഷത്തിനകം ലഭിച്ച കാലാവധി കഴിഞ്ഞിട്ടില്ലാത്ത ഒബിസി സർട്ടിഫിക്കറ്റുമായി വരണമെന്നായിരുന്നു നിർദേശം. എന്നാൽ അഞ്ചാം തീയതിക്ക് മുമ്പുള്ളതായിരുന്നെങ്കിൽ പരിഗണിക്കാമായിരുന്നു, ഇത് കഴിഞ്ഞ ദിവസം മാത്രം ഇഷ്യു ചെയ്തതായതിനാൽ അഡ്മിഷൻ നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ വിചിത്ര വാദം. പ്രോസ്പെക്ടസിലെ വിവരങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രമല്ല, ഇനി അഡ്മിഷൻ വേണമെങ്കിൽ സീറ്റ് ക്യാൻസലേഷന്‍ അനുവദിച്ച് കത്തു വേണം എന്നും ആവശ്യപ്പെട്ടു.

ഈ സമയം ഒറ്റയ്ക്കായിരുന്നതിനാൽ കൂടുതൽ ആരോടും സംസാരിക്കാതെ അടുത്ത അലോക്കേഷന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് കത്ത് എഴുതി നൽകി. ഇതു കഴിഞ്ഞ് സീറ്റിൽ വന്നിരുന്നപ്പോഴേയ്ക്ക് സീറ്റ് ക്യാൻസലായെന്ന സന്ദേശം ഫോണിലെത്തി. ഇതിൽ അപകടം മണത്തതോടെ ആരോടു ചോദിക്കുമെന്ന് അറിയാതെ വിഷമിച്ചു. ഈ സമയം അൽഫോൻസ് സാറിനെ എങ്ങനെയെങ്കിലും വിളിക്കണമെന്നു തോന്നി നമ്പർ സംഘടിപ്പിച്ച് വിളിച്ചു. സഹായിക്കാൻ മറ്റാരുമില്ലെന്നും തന്റെ കുടുംബ സാഹചര്യങ്ങളും ബോധ്യപ്പെടുത്തി. ഇതോടെ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇപ്പോൾ അഡ്മിഷൻ ഓക്കെയായിട്ടുണ്ട് എന്നു കാണിച്ച് അദ്ദേഹം മെയിൽ അയച്ചു. വിമാനടിക്കറ്റും അയച്ചു തന്നിട്ടുണ്ടെന്നും നാളെ എയിംസിൽ പോകാൻ കൂടെ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഫർഹീൻ മനോരമ ഓൺലൈനോടു പറഞ്ഞു.

ഫോർട്ട്കൊച്ചി വെളി കിഴക്കേവീട്ടിൽ കെ.കെ.സഹീറിന്റെയും ഷംലയുടെയും മകളാണ് ഫർഹീൻ. സഹോദരൻ ബികോം വിദ്യാർഥിയാണ്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഇവരെ, മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തതിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മാതാവ് പഠിപ്പിച്ചത്. മുണ്ടംവേലി സാന്താമറിയം സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. എയിംസ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ 66–ാം റാങ്കു ലഭിച്ച ഫർഹീന് ഒബിസി ക്വാട്ടയിൽ 10–ാം സ്ഥാനത്തെത്തിയതാണു പ്രവേശനത്തിന് അവസരം ഒരുങ്ങിയത്. ഇവിടെ 50 സീറ്റാണ് ജനറൽ കാറ്റഗറിയിലുള്ളത്. സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കുകാരിയാണ്. ഇതിന്റെ പ്രവേശന നടപടികളും പുരോഗമിക്കുന്നുണ്ട്.

എയിംസ് പ്രോസ്പെക്ടസിലും അലോട്മെന്റ് ലെറ്ററിലും കൗൺസിലിങ് സമയത്ത് ഒബിസി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കൊടുത്തിരിക്കുന്നത് എന്ന് വ്യക്തമായതിനെ തുടർന്നാണ് മന്ത്രിയുമായി ഇക്കാര്യം ഏറ്റെടുത്തതെന്ന് അൽഫോൻസ് കണ്ണന്താനം മനോരമ ഓൺലൈനോടു പ്രതികരിച്ചു. ഇത് പലപ്രാവശ്യം സംസാരിച്ചിട്ടും അവർ സമ്മതിക്കുന്നില്ലായിരുന്നു. മന്ത്രി ഇന്നലെയും എയിംസ് അധികൃതരുമായി സംസാരിച്ചു. ഇന്ന് വീണ്ടും വിളിച്ച് സർട്ടിഫിക്കറ്റിന് കുഴപ്പമില്ലെന്നു വിശദീകരിച്ചതോടെയാണ് സീറ്റ് നൽകാമെന്ന് സമ്മതിച്ചത്. തുടർന്ന് ഓർഡർ വന്നതോടെ കുട്ടിക്ക് ടിക്കറ്റ് എടുത്തു നൽകുകയായിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു. ‘ഇതുപോലെ ഒരു യുദ്ധം തനിക്ക് ആദ്യമായിട്ടാണ്. അറിയാത്ത ഒരാൾക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടി കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതല്ലേ അതിന്റെ സന്തോഷം’ – അദ്ദേഹം പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...