നൽകുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് നൽകും; ഹോംസ്റ്റേ കേന്ദ്രീകരിച്ച് നടന്നത്...

thiruvalla-blackmoney
SHARE

തിരുവല്ല: ഹോംസ്റ്റേയിൽ താമസിച്ചു കള്ളനോട്ട് നിർമിച്ചു വിതരണം ചെയ്ത കേസിൽ സ്ത്രീയടക്കം 4 പേർ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവർ ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും പൊലീസ് പിടികൂ‌ടി. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടാപറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ–31), ഷിബുവിന്റെ സഹോദരൻ എസ്.സജയൻ (35) കൊട്ടാരക്കര ജവാഹർനഗർ ശാന്തിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ (40) എന്നിവരാണ് പിടിയിലായത്.

കോട്ടയം കൊടുങ്ങൂർ പട്ടിമറ്റം തട്ടാപറമ്പിൽ എം.സജിയെ (38) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് മറ്റുള്ളവരെ കണ്ടെത്തിയത്. ഇവരിൽനിന്നു 3,94,000 രൂപയും പ്രിന്ററും പേപ്പറുകളും പിടിച്ചെടുത്തു. ഇതു കള്ളനോട്ടാണോയെന്നു പരിശോധിക്കും. 2000, 500 എന്നീ നോട്ടുകളാണ് വ്യാജമായി നിർമിച്ചിരുന്നത്. ഇടപാടുകാർക്ക് നൽകുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് തിരിച്ചു നൽകാം എന്നതായിരുന്നു ഇവരുടെ വാഗ്ദാനം. യഥാർഥ നോട്ടിന്റെ കളർ പ്രിന്റ് എടുത്ത് ആളുകളെ വിഡിയോ വഴി കാണിക്കും.

ഇടപാടുകാർ നേരിട്ടെത്തുമ്പോൾ രാസവസ്തു ചേർത്ത് കറുപ്പു നിറമാക്കിയ യഥാർഥ നോട്ടുകളാണ് ഇവർ കാണിക്കുക. മറ്റൊരു രാസവസ്തു ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ കറുപ്പ് നിറം മാറി യഥാർഥ നോട്ട് ആകും. ഇടപാടുകാർക്ക് നൽകുന്ന നോട്ടുകെട്ടിന്റെ മുകളിലും താഴെയും ഇങ്ങനെ കറുപ്പിച്ച നോട്ടുകളാണ് വച്ചിരുന്നത്. എന്നാൽ അതിനിടയിൽ വെറും കറുത്ത പേപ്പറുകൾ മാത്രമായിരിക്കും. ഇതു പരിശോധിക്കാനുള്ള സമയം ഇടപാടുകാർക്ക് നൽകിയിരുന്നുമില്ല. രാസവസ്തു നൽകിയ ശേഷം പിന്നീട് നോട്ടുകൾ യഥാർഥ രൂപത്തിലാക്കാമെന്നാണ് ഇവർ ഇടപാടുകാരോട് പറഞ്ഞിരുന്നത്.

ഒന്നാം പ്രതി ഷിബു പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്. ഇയാൾ നേരത്തേ ബെംഗളൂരുവിലായിരുന്നു. അവിടെ വച്ച് പണം ഇരട്ടിപ്പിക്കലിനു ഇരയായി പണം നഷ്ടപ്പെട്ടതാണ്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി ഇതേ രീതിയിൽ തട്ടിപ്പു നടത്തി കടം വീട്ടാനുള്ള ശ്രമത്തിലായി. പിടിയിലായവരെല്ലാം ബന്ധുക്കളും സഹൃത്തുക്കളുമാണ്.

തിരുവല്ലയിലെ ഹോംസ്റ്റേയിൽ താമസിച്ച സംഘം മടങ്ങിപ്പോയശേഷം മുറി വൃത്തിയാക്കുമ്പോൾ 200, 500, 2000 നോട്ടുകളുടെ മുറിച്ച ഭാഗങ്ങൾ കഴിഞ്ഞ ദിവസം ഉടമയ്ക്ക് ലഭിച്ചു. ഇക്കാര്യം രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനെ അറിയിച്ചതിനത്തുടർന്ന് തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ, സിഐ പി.എസ്.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

MORE IN KERALA
SHOW MORE
Loading...
Loading...