മുങ്ങി താഴ്ന്ന റെസ്റ്റോറന്റ് ഉയർത്തി; വീഴ്ച അന്വേഷിക്കും

restaurant-wb
SHARE

തിരുവനന്തപുരം വേളിയില്‍ കായലില്‍ താഴ്ന്ന കെ.ടി.ഡി.സിയുടെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് ഉയര്‍ത്തി. റെസ്റ്റോറന്റ് മുങ്ങാന്‍ കാരണം പരിപാലനത്തില്‍ വരുത്തിയ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. റെസ്റ്റോറന്റിന് കാര്യമായ തകരാറുകളില്ലെന്നും വിലയിരുത്തല്‍.

എഴുപത്തിയഞ്ച് ലക്ഷം മുടക്കി ആറ് മാസം മുന്‍പ് നവീകരിച്ച ഫ്ളോട്ടിങ് റെസ്റ്റോറന്റ്. അതാണ് ആറ് ദിവസം കായലില്‍ താഴ്ന്ന് കിടന്നത്. ആദ്യനില വെള്ളത്തില്‍ മുങ്ങിക്കിടന്ന റെസ്റ്റോറന്റിനെ ഉയര്‍ത്താനുള്ള ശ്രമം ആദ്യം ഏറ്റെടുത്തത് കെ.ടി.ഡി.സിയിലെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു. 

കൊച്ചിയിലെ വിദഗ്ധ സംഘത്തെ എത്തിച്ചെങ്കിലും കെ.ടി.ഡി.സി അമ്പേ പരാജയപ്പെട്ടു. ഒടുവില്‍ നിര്‍മാണ കമ്പനിയെ തന്നെ ഏല്‍പ്പിച്ചതോടെയാണ് റെസ്റ്റോറന്റ് വെള്ളത്തില്‍ നിന്ന് പൊങ്ങിയത്. എട്ട് മണിക്കൂറോളം 13 പമ്പുകളുപയോഗിച്ച് വെള്ളം വറ്റിച്ചാണ് ഉയര്‍ത്തിയത്ത്. മുങ്ങാനുള്ള കാരണവും കെ.ടി.ഡി.സിയുടെ അനാസ്ഥയെന്നാണ് നിര്‍മാണ കമ്പനിയുടെ ആരോപണം.

മഴ തുടങ്ങിയതോടെ കായലില്‍ വെള്ളം ഉയര്‍ന്ന് തുടങ്ങി. ഈ സമയത്ത് പൊഴി മുറിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്നതിലും റെസ്റ്റോറന്റ് പിടിച്ച് നിര്‍ത്തുന്ന വടം അഴിച്ച് വിടുന്നതിലും ജീവനക്കാര്‍ ശ്രദ്ധിച്ചില്ല. ഇതാണ് റെസ്റ്റോറന്റിന്റെ അടിത്തട്ടില്‍ വെള്ളം കയറാന്‍ ഇടയാക്കിയതെന്നും കമ്പനി വിശദീകരിക്കുന്നു. 

വീഴ്ചയേക്കുറിച്ച് അന്വേഷിക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കെ.ടി.ഡി.സി എം.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...