മരണത്തിലും ഒരുമിച്ചു, കളിക്കൂട്ടുകാർക്ക് അന്ത്യവിശ്രമം തൊട്ടടുത്ത്

kottakkal-accident
SHARE

ഗുരുവായൂർ: ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു ഹക്കിമും ഇർഷാദും. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ ആ സൗഹൃദം കാത്തു. മരണത്തിലും ഒരുമിച്ച അവർക്ക് അന്ത്യവിശ്രമത്തിനായി കബർ ഒരുക്കിയത് അടുത്തടുത്ത്. ഇന്നലെ കോട്ടയ്ക്കലിനടുത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇരിങ്ങപ്പുറം പുഴങ്കര ഇല്ലത്ത് അബ്ദുൽ ഹക്കിമും മുഹമ്മദ് ഇർഷാദും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇരുവരും ഡിഗ്രി അവസാന വർഷ വിദ്യാർഥികൾ.ഹക്കിമിന്റെ ഉപ്പ സലിം രോഗബാധിതനായി ചികിത്സയിലാണ്. കുടുംബത്തിനു താങ്ങാകാൻ 3 മാസം മുൻപ് പഠിപ്പ് അവസാനിപ്പിച്ച് ഹക്കിം ജോലിക്കു ചേർന്നു. തൃശൂരിൽ നിന്ന് രാത്രി പത്രക്കെട്ടുകൾ എടുത്ത് കോഴിക്കോട്ട് എത്തിക്കണം. രാത്രി കാർ ഓടിച്ച് പോകും. രാവിലെ ഏഴോടെ തിരിച്ചെത്തും.

ഇതേ ജോലിക്ക് മറ്റൊരു റൂട്ടിൽ അവസരം വന്നപ്പോൾ ഒരാഴ്ച മുൻപ് ഇർഷാദ് അത് ഏറ്റെടുത്തു. രാത്രി തൃശൂരിൽ നിന്ന് ബസിനു പോകും. തിരിച്ച് ഹക്കിമിനൊപ്പം കാറിൽ മടങ്ങും.ബുധനാഴ്ച പൊതു പണിമുടക്കു മൂലം ബസ് ഇല്ലാത്തതിനാൽ ഇരുവരും ഒരുമിച്ച് രാത്രി പത്തോടെ കാറിലാണ് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ അപകടത്തിൽ ഇരുവരും മരിച്ചു. ഹക്കിമിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് തൈക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഖത്തറിൽ നിന്ന് സഹോദരങ്ങൾ എത്തിയ ശേഷം ഇർഷാദിന്റെ കബറടക്കം തൊട്ടടുത്തായി നടന്നു.

ബസ്സുകൾക്കിടയിൽ ഞെരിഞ്ഞ് കാർ

പതിവ് അപകടമേഖലയായ പാലച്ചിറമാട് വളവിന് 500 മീറ്റർ സമീപത്താണ് ഇന്നലെ പുലർച്ചെ നടന്ന അപകടം. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ ഉറക്കവുമാണ് രാത്രിയിലെ അപകടങ്ങളിലെ വില്ലൻ. തൃശൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ദീർ‌ഘദൂര സ്വകാര്യ ബസിനും പയ്യന്നൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനും ഇടയിലാണ് കാർ കുടുങ്ങിയത്. 

ദീർഘദൂര ബസിനെ മറികടന്നു പോയ കാറിന് എതിരെ ആദ്യം ലോറിയാണു വന്നതെന്നും അതിനു പിന്നിലെത്തിയ ടൂറിസ്റ്റ് ബസിലാണ് കാർ ഇടിച്ചതെന്നും സംഭവസ്ഥലത്ത് പരിശോധന നടത്തിയ മോട്ടർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിച്ചെനയിലെ തട്ടുകട നടത്തിപ്പുകാരനായ വലിയകണ്ടത്തിൽ ശിഹാബാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. വലിയ ശബ്ദം കേട്ട് റോഡിലേക്ക് ഓടിച്ചെല്ലുമ്പോൾ രണ്ടു ബസ്സുകൾക്കിടയിൽ പെട്ട കാറിൽ നിന്ന് പുകയുയരുകയായിരുന്നെന്നും ശിഹാബ് പറഞ്ഞു. 

ഇർഷാദിനെയാണ് ആദ്യം പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇർഷാദിനെ അതുവഴി വന്ന മിനിലോറി ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസിൽ വിവരമറിയിച്ചതും ശിഹാബാണ്. ഹക്കിം അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു.  കാറിന്റെ പെട്രോൾ ടാങ്കിൽനിന്ന് ചോർച്ചയുണ്ടായിരുന്നതായും ശിഹാബ് പറഞ്ഞു.

കാറിൽനിന്ന് ഉയർന്ന പുക മാറിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.  സമീപവാസികളിൽ ചിലരും അതുവഴി വന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അഗ്നിരക്ഷാസേനയും എത്തി. റോഡിനു നടുവിൽ കിടന്ന കാർ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...