മണിവാസകം സ്ഫോടനക്കേസിലും പ്രതി; 3 കേസിൽ പിടികിട്ടാപ്പുളളി

maoist-attack2
SHARE

പാലക്കാട് ∙ അട്ടപ്പാടിയില്‍ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും  കാര്‍ത്തിയുടെയും പേരില്‍ തമിഴ്‌നാട്ടിലുള്ളത് നിരവധി കേസുകള്‍. 2002 ല്‍  സേലം ഉത്തന്‍ഗിരിയിലുണ്ടായ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിവാസകം

ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം നേടിയതിനു ശേഷമാണ് മണിവാസകം സായുധസമര ലോകത്തേക്ക് കടന്നത്. ഉഴവര്‍ ഉഴപ്പായി മാന്‍മണ്ട്രമെന്ന പേരില്‍ കര്‍ഷകര്‍ക്കായി സംഘടനയുമയായിട്ടായിരുന്നു പൊതുജീവിത്തിന്റെ തുടക്കം.

പതുക്കെ മാവോയിസത്തില്‍ ആകൃഷ്ടനായി സമാന്തര ജീവിതം തിരഞ്ഞെടുത്തു. കൃഷ്ണഗിരിയും പരിസരങ്ങളുമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തനമേഖല. 2002 ല്‍ ഉത്തന്‍ഗിരിയിലുണ്ടായ സ്ഫോടനത്തോടെയാണ് ഇയാളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍  സുരക്ഷ ഏജന്‍സികളുടെ ശ്രദ്ധയില്‍പെടുന്നത്.

ഒരാള്‍ കൊല്ലപെട്ട സ്ഫോടനക്കേസില്‍ 2002 നവംബര്‍ 24ന്  പൊലീസ് പിടിയിലായി. 2007 വരെ വിചാരണ തടവുകാരനായി ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങി മുങ്ങി. ഇതിനിടെ ധര്‍മ്മഗിരി ജില്ലയിലെ മതിക്കന്‍പാളയം സ്റ്റേഷനില്‍ ആയുധ നിയമവും ഭീകരവാദ നിരോധന നിയമവും പ്രകാരമുള്ള  കേസിലെ പ്രതിയായി.

2012  തഞ്ചാവൂരില്‍ വച്ചാണ് പിന്നീട്  പൊലീസ് വലയിലാകുന്നത്. ഇതിനിടയ്ക്ക് മൂന്നു കേസുകളില്‍ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2013 ല്‍ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെ അന്വേഷണ സംഘങ്ങളുടെ  ചാരക്കണ്ണുകള്‍ക്കപ്പുറത്തേക്കു മുങ്ങി.

പിന്നെ ഇയാളെ കുറിച്ചു  തമിഴ്‌നാട് പൊലീസിനു വിവരം ലഭിക്കുന്നത്  അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടപ്പോഴാണ്. പുതുക്കോട്ട തിരുവാമയം സ്വദേശിയായ  കാര്‍ത്തിക്കെതിരെയുമുണ്ട് നിരവധി കേസ് . പുതുക്കോട്ട കാരാട്ടുപുട്ട് സ്റ്റേഷനില്‍ ആയുധ നിയമപ്രകാരമുള്ള കേസിലെ പ്രതിയായിരുന്നു.

മുരുമകലൈകാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്‍ത്തി മൂന്നര വര്‍ഷം തടവും അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങയതിനുശേഷം ഇയാളെ കുറിച്ചു കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല.

English Summary: Records show slain Maoists Karthi, Manivasakam named in many crime cases

MORE IN KERALA
SHOW MORE
Loading...
Loading...