പരിശ്രമഫലം; രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന ബഹുമതി നേടി പൂഴനാട്

health-centre
SHARE

മരുന്നിന്റെ മനംമടുപ്പിക്കുന്ന മണമുള്ള ആശുപത്രികള്‍ പരിചയിച്ച നമുക്ക് അത്ഭുത ലോകമാണ് തിരുവന്തപുരം പൂഴനാട്ടെ കുടുംബാരോഗ്യകേന്ദ്രം. ജീവനക്കാരുടേയും നാട്ടുകാരുടേയും അഞ്ചു വര്‍ഷം നീണ്ട പരിശ്രമമാണ് പൂഴനാടിന് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന ബഹുമതി നേടിക്കൊടുത്തത്. ദിവസേന നൂറിലേറെ രോഗികള്‍ക്ക് ജീവനേകുന്ന പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാഴ്ചകളാണിനി. 

ഏതൊരു വന്‍കിട സ്വകാര്യ ആശുപത്രിയോടും കിടപിടിക്കും പൂഴനാട് ഗ്രാമത്തിലെ ഈ കുടുംബാരോഗ്യ കേന്ദ്രം. പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത ടോക്കണ്‍ സമ്പ്രദായത്തില്‍ തുടങ്ങുന്നു മാറ്റത്തിന്റെ ചുവടുകള്‍. 

ഡോക്ടറെ കാത്തിരിക്കുമ്പോള്‍ പാട്ടു കേള്‍ക്കാം.,ടി വി കാണാം, ആരോഗ്യ കാര്യങ്ങളെക്കുറിച്ച് വായിച്ചറിയാം. ഡോക്ടറെ കാണും മുമ്പേ പ്രീ ചെക്കപ്പിനുള്ള സൗകര്യം.  സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രികളെ വെല്ലുന്ന നിരീക്ഷണ മുറി , ആധുനിക നിലവാരത്തിലുള്ള ഫാര്‍മസി, പ്രമേഹ രോഗികള്‍ക്കായുള്ള കണ്ണു പരിശോധനാ കേന്ദ്രം...

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്കുന്നിടം ഏതോ വലിയ മാളിലെ കിഡ്സ് കോര്‍ണര്‍ ആണെന്നു തോന്നും. മരുന്നിന്റെ കയ്പൊക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ കുഞ്ഞുങ്ങള്‍ മറക്കും. പാലിയേറ്റീവ് കെയര്‍, മുലയൂട്ടല്‍ റൂം, കൗണ്‍സലിങ് റൂം അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങള്‍...  

പൂന്തോട്ടവും മീന്‍ കുളങ്ങളും ഒൗഷധ സസ്യത്തോട്ടവുമൊക്കെ ഈ ആശുപത്രിയുടെ ചെറിയ ചില പ്രത്യേകതകള്‍ മാത്രം. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി നവീകരിച്ചത്. ജീവനക്കാരുടെ, പഞ്ചായത്ത് അധികൃതരുടെ കൂട്ടായ്മയുടെ വിജയമാണിത്. 

ആശുപത്രിയിലെ മുപ്പത് ജീവനക്കാരും അതിരറ്റ ആഹ്ളാത്തിലാണ്  

MORE IN KERALA
SHOW MORE
Loading...
Loading...