വകുപ്പുകൾ തമ്മിൽ തർക്കം; പോഷകാഹാര പദ്ധതി സംസ്ഥാനത്ത് അവതാളത്തിൽ

nutrition-project-wasetd
SHARE

കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പോഷകാഹാര പദ്ധതിക്ക് തുടക്കം കുറിക്കാതെ സംസ്ഥാനം. വനിതാ,ശിശുക്ഷേമ വകുപ്പും ധനവകുപ്പും തമ്മിലെ തര്‍ക്കമാണ് പദ്ധതി വഴിമുട്ടാന്‍കാരണം. ധനവകുപ്പിന്റെ അനുവാദമില്ലാതെ മുന്നോട്ട് പോയതിനാലാണ് അനുവാദം നിഷേധിച്ചത്. കേന്ദ്രസെക്രട്ടറി കേരളത്തിലെത്തി ചര്‍ച്ച നടത്തിയിട്ടും പദ്ധതിക്ക് അനക്കം വെച്ചിട്ടില്ല. 

സംസ്ഥാനത്തെ 33,115 അംഗന്‍വാടികളിലൂടെ പട്ടിണിപ്പാവങ്ങള്‍ക്ക്  സമീകൃതാഹാരം നല്‍കാനുള്ള ദേശീയ ന്യുട്രിഷന്‍മിഷന്റെ പദ്ധതിയാണ് കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. ഇതിനായി 68. 68 കോടി രൂപ സംസഥാന സര്‍ക്കാരിന് കേന്ദ്രം കൈമാറിയിട്ട് 11 മാസമായി. വനിതാശിശുക്ഷേമ വകുപ്പിന് കീഴിലെ സംപുഷ്ടകേരളം വഴിയാണ് പദ്ധതി നടപ്പാക്കേണ്ടത്. പോഷകാഹാരക്കുറവിലൂടെ ആരോഗ്യം കുറഞ്ഞ ആറ് വയസ്സുവരെയുള്ള കുട്ടികളെയും,  ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരെയും കണ്ടെത്തി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. അംഗന്‍വാടി വര്‍ക്കേഴ്സിനാണ് ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ചുമതല.   

ഇതിനായി അംഗന്‍വാടി വര്‍ക്കേഴ്സിന് സ്‌മാര്‍ട്ട് ഫോണ്‍, പ്രത്യേക സോഫ്ട് വെയര്‍ എന്നിവ നല്‍കണം. കുഞ്ഞുങ്ങളുടെ തൂക്കവും ആരോഗ്യകാര്യങ്ങളും മുടക്കമില്ലാതെ രേഖപ്പെടുത്തുന്നതിനാണിത്. പണംകിട്ടി പതിനൊന്നുമാസമായിട്ടും ഇക്കാര്യങ്ങളൊന്നും നടപ്പായില്ല. ധനവകുപ്പിന്റെ അനുവാദം വാങ്ങാതെ വനിതാശിശുക്ഷേമ വകുപ്പ് മുന്നോട്ട് പോയതാണ് കുഴപ്പങ്ങളുടെ തുടക്കം. 

പത്ത് കോടിക്ക് മുകളിലുള്ള ഏത്പദ്ധതിയും നടപ്പാക്കും മുന്‍പ് ധവവകുപ്പ് സെക്രട്ടറിയുടെ കീഴിലുള്ള സമിതി പരിശോധിച്ച് അനുവാദം നല്‍കേണ്ടതുണ്ട്. ഇത് പിന്തുടരാത്തതിനാല്‍ ധനവകുപ്പ് അനുമതി തടഞ്ഞു.  കഴിഞ്ഞമാസം അവസാന ആഴ്ച കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് സെക്രട്ടറി നേരിട്ടെത്തി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടും കാര്യങ്ങള്‍ മുന്നോട്ട് പോയിട്ടില്ല. 

രണ്ട് വകുപ്പുകളുടെ തര്‍ക്കത്തില്‍ കുടുങ്ങി കിടക്കുന്ന ഈ പദ്ധതി സമയത്ത് നടപ്പാക്കിയിരുന്നെങ്കില്‍ ദാരിദ്ര്യം അനുഭവിക്കുന്ന ഏര്‍പ്പേര്‍ക്ക് സഹായകരമായേനെ. ഇനിയെങ്കിലും പദ്ധതിക്ക്  മുന്‍ഗണന നല്‍കിയില്ലെങ്കില്‍, കേരളത്തിന് നല്‍കിയപണം  മറ്റ്സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വീതിച്ചു നല്‍കും.

MORE IN KERALA
SHOW MORE