നവകേരളത്തിന് ജീവൻ പകരാൻ എൽഐസി; സഹായ വാഗ്ദാനവുമായി അധികൃതർ

lic-help
SHARE

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി എല്‍ഐ.സി. സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന കടപ്പത്രങ്ങളില്‍ എല്‍.ഐ.സി നിക്ഷേപിക്കും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ ഉറ്റവര്‍ക്ക് ഇതിനകം 50 ലക്ഷം രൂപയുടെ ക്ലെയിം നല്‍കിയെന്നും എല്‍.ഐ.സി ചെയര്‍മാന്‍ വി.കെ.ശര്‍മ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് എല്‍.ഐ.സി സഹായവാഗ്ദാനം നല്‍കിയത്. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ എല്‍.ഐ.സി സഹകരിക്കും. കൂടിയാലോചനകള്‍ക്കുശേഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

പ്രളയക്കെടുതിയില്‍ 439 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 55 പേര്‍ക്കുമാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നുള്ളു. 

26 പോളിസികളിലായി 50 ലക്ഷം രൂപ ഇതുവരെ നല്‍കി. 39 പോളിസികളിലായി ഒന്നരക്കോടിരൂപയുടെ ക്ലെയിം ഇനി കൊടുത്തുതീര്‍ക്കാനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ തുക കഴിയുന്ന വേഗത്തില്‍ നല്‍കും. രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പ് നല്‍കുന്നതിനുള്ള വ്യവസ്ഥകളിലും ഇളവ് നല്‍കി.

സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേര്‍ എല്‍.ഐ.സി പോളിസിയുടമകളാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

MORE IN KERALA
SHOW MORE