പൈലറ്റ് എത്തിയില്ല; മസ്കറ്റിലേക്കുള്ള വിമാനം മുടങ്ങി

pilot-delay-t
SHARE

പൈലറ്റ് എത്താതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള വിമാനം മുടങ്ങി. യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. ഒടുവില്‍ അത്യാവശ്യ യാത്രക്കാര്‍ക്ക് ഇന്ന് തന്നെ പകരം സംവിധാനവും യാത്രചെലവും ഏര്‍പ്പെടുത്തിയാണ് ജെറ്റ് എയര്‍വെയ്സ് പ്രശ്നം പരിഹരിച്ചത്.

ഇന്ന് രാവിലെ 8.10നായിരുന്നു മസ്കറ്റിലേക്കുള്ള ജെറ്റ് എയര്‍വെയ്സിന്റെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ ആറരയ്ക്ക് തന്നെ 140 യാത്രക്കാര്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിനുള്ളിലെത്തി. ഏഴരയോടെ ആദ്യ അറിയിപ്പെത്തി വിമാനം ഒരു മണിക്കൂര്‍ വൈകും. പിന്നീടത് രണ്ട് മണിക്കൂറാക്കി. ഒടുവില്‍ പതിനൊന്ന് മണിയോടെ കാര്യം വ്യക്തമായി. പൈലറ്റെത്താത്തതിനാല്‍ ഇന്ന് വിമാനമുണ്ടായിരിക്കില്ല.

യാത്ര മുടങ്ങിയവര്‍ പ്രതിഷേധം തുടങ്ങി. പകരം സംവിധാനമേര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ പരിഹാര നിര്‍ദേശം മുന്നോട്ടുവച്ചു. ഇന്ന് തന്നെ മസ്കറ്റിലെത്തേണ്ടവര്‍ക്കായി വൈകിട്ടോടെ മറ്റ് വിമാനങ്ങളില്‍ യാത്രൗകര്യം ഒരുക്കും. ഇന്ന് പോകാന്‍ സാധിക്കാത്തവര്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള ദിവസങ്ങളില്‍ ടിക്കറ്റ് നല്‍കും. നഷ്ടപരിഹാരമായി വീട്ടിലേക്കും തിരിച്ചുമുള്ള യാത്രാചെലവും അധികൃതര്‍ വഹിക്കും. ഇതോടെ പ്രതിഷേധവും അവസാനിച്ചു.

MORE IN KERALA
SHOW MORE