'മനോരമ സ്പോര്‍ട്സ് സ്റ്റാര്‍–2017' പുരസ്കാരത്തിനുള്ള അന്തിമപട്ടികയായി

manorama-SPORTS
SHARE

ഏറ്റവും മികച്ച കായികതാരത്തിന് നല്‍കുന്ന 'മനോരമ സ്പോര്‍ട്സ് സ്റ്റാര്‍–2017' പുരസ്കാരത്തിനുള്ള അന്തിമപട്ടികയായി. ആറുപേരുടെ പട്ടികയാണ് വിദഗ്ധ സമിതി വോട്ടിങ്ങിനായി തിരഞ്ഞെടുത്തത്. ഇന്ന് മുതല്‍ എസ്.എം.എസ്, ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച കായികതാരത്തെ തിരഞ്ഞെടുക്കാം

ബാഡ്മിന്റന്‍ താരം എച്ച്.എസ്.പ്രണോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍, പേസ് ബോളര്‍ ബേസില്‍ തമ്പി, അണ്ടര്‍–17 ഫുട്ബോളര്‍ കെ.പി.രാഹുല്‍, 400 മീറ്റര്‍ ഏഷ്യന്‍ ചാംപ്യന്‍ വൈ. മുഹമ്മദ് അനസ്, 1500 മീറ്ററിലെ ഏഷ്യന്‍ ചാംപ്യന്‍ പി.യു. ചിത്ര എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. യുഎസ് ഓപ്പൺ ഗ്രാൻപ്രിയിലെ കിരീടനേട്ടവും ഇന്തൊനീഷ്യൻ ഓപ്പണില്‍ വന്‍മരങ്ങളെ വീഴ്ത്തിയുള്ള കുതിപ്പും ‍ദേശീയ സീനിയർ ബാഡ്മിന്റനിലെ ഒന്നാം സ്ഥാനവുമാണ് പ്രണോയ്ക്ക് പട്ടികയില്‍ ഇടം നല്‍കിയത്. ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡന്റ്സ് ടീമിന്റെ നായകനായെത്തി സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍, രഞ്ജി ട്രോഫിയിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു. 

കരിയറിലെ ആദ്യ ഐപിഎല്ലില്‍ തന്നെ 11 വിക്കറ്റുകളുമായി എമേര്‍ജിങ് പ്ലെയറായ ബേസില്‍ തമ്പിയെ തേടി ദേശീയ ടീമില്‍ നിന്നും വിളിയെത്തി. ഇന്ത്യ ആദ്യമായി വേദിയൊരുക്കിയ ഫിഫ അണ്ടർ–17 ലോകകപ്പില്‍ കളിച്ച ഏക മലയാളിയാണ് തൃശൂരുകാരന്‍ കെ.പി രാഹുൽ. നാലു പതിറ്റാണ്ടിന് ശേഷം ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ സ്വര്‍ണം നേടി മുഹമ്മദ് അനസ്. ‌രണ്ട് ഏഷ്യന്‍ സ്വര്‍ണവുമായാണ് പി.യു.ചിത്ര പട്ടികയിലെത്തിയത്. ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഇന്‍‍‍ഡോറിലും 1500 മീറ്ററില്‍ സ്വര്‍ണം. ഈ ആറു പേരില്‍ കൂടുതല്‍ വോട്ടു നേടുന്നവര്‍ക്ക് ലഭിക്കും മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017 പുരസ്കാരം

MORE IN KERALA
SHOW MORE