അഴിമതിക്ക് ഡിജിറ്റല്‍ തട; വാഹനപെര്‍മിറ്റുകള്‍ പൂര്‍ണമായി ഡിജിറ്റലിലേക്ക്

auto
SHARE

കരിഞ്ചന്തയിലെ വില്‍പ്പന നിയന്ത്രിക്കാന്‍ വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. പെര്‍മിറ്റുകള്‍ കൈമാറ്റം ചെയ്താല്‍ അസാധുവാക്കുന്ന സുരക്ഷാക്രമീകരണവും ഏര്‍പ്പാടാക്കും.  ലക്ഷങ്ങള്‍ ഈടാക്കി പെര്‍മിറ്റുകള്‍ വില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. പെര്‍മിറ്റുകളുടെ വില്‍പ്പനയില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗതാഗത കമ്മീഷ്ണര്‍ കെ. പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് 30 ലക്ഷം വരെ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന്റെ തെളിവുകള്‍ സഹിതമായിരുന്നു മനോരമ ന്യൂസിന്റെ അന്വേഷണ പരമ്പര. മല്‍സര ഓട്ടത്തിനും യാത്രക്കാരുടെ ചൂഷണത്തിനും വഴിവയ്ക്കുന്ന ഇത്തരം കള്ളിക്കളികള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നത്.  ഓരോ റൂട്ടിലും നിലവിലുള്ള ബസുകളുടെയും പെര്‍മിറ്റുകളുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് തയാറാക്കും. ആ റൂട്ടിലെ നിലവിലെ വരുമാനവും കൂടി കണക്കാക്കിയ ശേഷമേ പുതിയ പെര്‍മിറ്റ് അനുവദിക്കുന്ന കാര്യം തീരുമാനിക്കു. ഒരാളുടെ പേരില്‍ നല്‍കുന്ന പെര്‍മിറ്റ് മറ്റൊരാള്‍ക്ക് കൈമാറിയാല്‍ അസാധുവാകുന്ന തരത്തിലുള്ള ക്രമീകരണങ്ങളും ഏര്‍പ്പാടാക്കും.

ആറ് മാസംകൊണ്ട് ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ നല്‍കിത്തുടങ്ങും. ഇതോടൊപ്പം പെര്‍മിറ്റ് കച്ചവടത്തേക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ഓരോ ജില്ലയ്ക്കും പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. വില്‍പ്പനയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കാനും കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി. 

MORE IN KERALA
SHOW MORE