ഷെഫിനെ കണ്ടത് വെബ്സൈറ്റ് വഴി; 50 അപേക്ഷകരില്‍ ഒരാളെന്നും ഹാദിയ

shafin-hadiya
SHARE

ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി ഹാദിയ സുപ്രീംകോടതിയിൽ. വിവാഹം നടന്നതും വരനെ കണ്ടെത്തിയതും വൈവാഹിക വെബ്സൈറ്റ് വഴിയെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ‘മുസ്‌ലിം വരനെ കണ്ടെത്തി തരണമെന്ന് സൈനബയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനബ വെബ്‌സൈറ്റില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തു. 50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടായി. ഇതില്‍ ഷെഫിന്‍ ജഹാനും ഉണ്ടായിരുന്നു. 

ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് ഫോട്ടോകള്‍ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്– ഹാദിയ പറയുന്നു. വിവാഹം നടത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് അയച്ചിരുന്നതായും തങ്ങള്‍ ചുമതലപ്പെടുത്തിയ അബ്ദുല്‍ റഹ്മാന്‍ ദാരിമി ആണ് തന്റെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതെന്നും ഹാദിയ  വ്യക്തമാക്കി.   

നഷ്ടപരിഹാരം വേണം

വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് അകമ്പടി ഒഴിവാക്കി പൂര്‍ണസ്വാതന്ത്ര്യം പുനസ്ഥാപിച്ച് കിട്ടണമെന്നും ഹാദിയ ആവശ്യപ്പെട്ടു. വിവാഹത്തെ കുറിച്ച് സ്വതന്ത്രയായ ഹാദിയ തീരുമാനിക്കട്ടെയെന്ന നിരീക്ഷണത്തോടെ കഴിഞ്ഞതവണ സുപ്രീംകോടതി ഹാദിയയുടെ നിലപാട് ആരാഞ്ഞിരുന്നു. കോയമ്പത്തൂരിലെ മെഡിക്കല്‍ കോളജിലെത്തി ഹാദിയയുടെ നിലപാട് കേട്ട ശേഷമാണ് അഭിഭാഷകന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. താന്‍ മുസ്‍ലിമാണ്. മുസ്‍ലിമായി തന്നെ ജീവിക്കണം. മാസങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞു. മാനസാന്തരമുണ്ടാക്കാന്‍ ഭീഷണിപ്പെടുത്തിയവരുടെ വിശദാംശങ്ങള്‍ വീട്ടിലെ സന്ദര്‍ശകപുസ്തകത്തിലുണ്ട്. കോടതി ഇത് പരിശോധിക്കണം. മാനസികരോഗിയാണെന്ന് പൊതുസമൂഹത്തില്‍ വ്യാപകപ്രചാരണം നടത്തി. ഐ.എസ് ബന്ധമുണ്ടെന്ന് വരെ ആരോപണമുണ്ടായി. 

അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടക്കം നിര്‍ദേശം നല്‍കണം. മാതാപിതാക്കളോട് വെറുപ്പില്ലെന്നും അച്ഛന്‍ അശോകന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ ആവശ്യപ്പെട്ടു. ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവര്‍ത്തിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.

‘കൗണ്‍സിലിങുകാര്‍ ഭീഷണിപ്പെടുത്തി, പീഡിപ്പിച്ചു; പൊലീസ് ഒത്താശ ചെയ്തു’ ഹാദിയ

പൊലീസിനെതിരെയും വീട്ടില്‍ കൗണ്‍സിലിങ്ങിന് വന്നവര്‍ക്കെതിരെയും അതിഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍ ഹാദിയയുടെ സത്യവാങ്മൂലം. ‘വീട്ടില്‍ നിന്ന് തന്ന ഭക്ഷണത്തില്‍ അസ്വാഭാവികമായ എന്തോ കലര്‍ത്തിയിരുന്നതായി ഞാന്‍ സംശയിച്ചു. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ വന്നില്ല– ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സത്യവാങ്മൂലം സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

എന്‍റെ ഭയംകാരണം മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം കുടിച്ചില്ല. മൂന്നാം ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി തന്നെ സന്ദര്‍ശിക്കുകയും ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ മേധാവി കാണാന്‍ വന്നില്ല. തനിക്ക് ഭീകരബന്ധമുണ്ടെന്ന മട്ടിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ഹാദിയ കുറ്റപ്പെടുത്തുന്നു.  വീട്ടില്‍ പുതിയ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായി. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് പറഞ്ഞപ്പോള്‍ ഭയം തോന്നി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചു.

സത്യവാങ്മൂലത്തിലെ വാചകങ്ങള്‍ ഇങ്ങനെ: കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തും എന്നായിരുന്നു അവരുടെ ഭീഷണി.  ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോള്‍ പേടി തോന്നി. ഒരിക്കല്‍ പോലും എന്റെ മുറിയില്‍ നിന്ന് പുറത്ത് വരാന്‍ പൊലീസ് സമ്മതിച്ചില്ല– സത്യവാങ്മൂലം വ്യക്തമാക്കുന്നു 

MORE IN KERALA
SHOW MORE