ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍‌

vyaparavyevasayi-t
SHARE

തദ്ദേശസ്ഥാപനങ്ങള്‍ ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍. പന്ത്രണ്ടിരട്ടിവരെയാണ് പല തദ്ദേശസ്ഥാപനങ്ങളും ഫീസ് കൂട്ടിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. കോര്‍പറേഷന്‍ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി തിരുവനന്തപുരത്ത് നാളെ കടയടപ്പുസമരം നടത്തും. 

ടയര്‍ പഞ്ചറൊട്ടിക്കുന്ന സ്ഥാപനം നടത്തുന്നതിന് തിരുവനന്തപുരം കോര്‍പറേഷനില്‍ 150 രൂപയായിരുന്നു ലൈസന്‍സ് ഫീസ്. ഇത്തവണ കോര്‍പറേഷനില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷനല്‍കാനെത്തിയ കടയുടമസ്ഥന്‍ ഞെട്ടി. ഫീസ് 1050 രൂപയായി കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. സമാനമായ രീതിയില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും ഫീസില്‍ വര്‍ധനയുണ്ട്. വര്‍ഷം തോറും ഫീസ് കൂട്ടാറുണ്ടെങ്കിലും ഇത്രവലിയ വര്‍ധന ഇതാദ്യമെന്ന് വ്യാപാരികള്‍ പറയുന്നു. വ്യാപാരസ്ഥാപനങ്ങളുടെ ഫീസ് നിശ്ചയിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 10ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് വിരുദ്ധമാണ് തദ്ദേശസ്ഥാപനങ്ങളുടെ നടപടിയെന്നും ഇവര്‍ ആരോപിക്കുന്നു.

ലൈസന്‍സ് പുതുക്കാനുള്ള തീയതി ഫെബ്രുവരി 28ല്‍ നിന്ന് മാര്‍ച്ച് മുപ്പത്തൊന്നിലേക്ക് നീട്ടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഫീസ് വര്‍ധന പിന്‍വലിക്കാനില്ലെന്ന നിലപാടിലാണ് നഗരസഭ.

ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. എന്നാല്‍ പ്രശ്നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളതിനാല്‍ കടയടപ്പുസമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

MORE IN KERALA
SHOW MORE