ശുഹൈബ് കൊലപാതകം; പാർട്ടി ഗ്രാമങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന

shuhaib-murder-t
SHARE

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലയാളികളെ കണ്ടെത്താന്‍ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന. എസ് പി ശിവ വിക്രമിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിവില്‍ കഴിഞ്ഞ മുടക്കോഴി മലയിലും പരിശോധന നടത്തി. അതേസമയം സമാനമായ കുറ്റകൃത്യങ്ങളിൽ ജയിലിലായി പരോളിൽ ഇറങ്ങിയവരുടെ പങ്കും പരിശോധിക്കുന്നുണ്ട്. 

മാലൂർ മുതൽ മുഴക്കുന്നു വരെയുള്ള സ്റ്റേഷൻ പരിധിയിലാണ് പ്രതികൾക്കായുള്ള മിന്നൽ പരിശോധന. ഉച്ചകഴിഞ്ഞ് 2.30തോടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നാല് സി ഐമാരും 30 എസ് ഐമാരുമടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്.പ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന്  സൂചന ലഭിച്ചതായാണ് വിവരം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് പ്രതികൾക്കായുള്ള പൊലീസിന്റെ വേട്ട. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. അതേസമയം ശുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ പരോളിൽ ഇറങ്ങിയ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളിൽ ആർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു. ടി പിക്കേസിലെ കിർമാണി മനോജ് അടക്കമുള്ള ചില പ്രതികൾ ശുഹൈബ് കൊല്ലപ്പെട്ട ദിവസം പരോളിൽ ഉണ്ടായിരുന്നത് സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു.അന്വേഷണത്തിനിടെ മട്ടന്നൂരിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ലഭിച്ച രണ്ടു വാളുകൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ശുഹൈബിന്റെ കുടുംബം രംഗത്തെത്തി.

ശുഹൈബിന്റെ കൊലയാളികളെ പിടികൂടാത്തതിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മട്ടന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ  ഏകദിന ഉപവാസസമരം നടത്തി.കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി.സിദ്ധിഖ് ഉപവാസസമരം ഉദ്ഘാടനം ചെയ്തു.പ്രതികളെ പിടികൂടുന്നതു വരെ  പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം

MORE IN KERALA
SHOW MORE