കെ.പത്മകുമാറിനെ കൈവിട്ട് വ്യവസായവകുപ്പ്; അഴിമതിക്ക് കണക്ക് പറയിപ്പിക്കുമെന്ന് മന്ത്രി

K-Padmakumar
SHARE

മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ പ്രതി കെ. പത്മകുമാറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിന്ന് നീക്കി. കേരള ഓട്ടോമൊബൈല്‍സ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വ്യവസായവകുപ്പ്  ഒഴിവാക്കിയത്. അഴിമതിക്കാരനെ വ്യവസായ വകുപ്പില്‍ നിലനിര്‍ത്തി സംരക്ഷിക്കാനില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മനോരമ ന്യൂസ് അന്വേഷണ പരമ്പര എല്ലാം ശരിയായതാര്‍ക്ക് ഇംപാക്ട്. 

മലബാര്‍ സിമന്റ്സ് എം.ഡിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് കെ.പത്മകുമാര്‍. അറസ്റ്റിന് ശേഷം എം.ഡി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും രണ്ട് മാസം മുന്‍പ് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ തലപ്പത് പുനര്‍ നിയമിച്ചിരുന്നു. വിജിലന്‍സ് കേസ് അവസാനിക്കും മുന്‍പ് തന്നെ പുനര്‍നിയമനം നല്‍കിയതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു മനോരമ ന്യൂസിന്റെ അന്വേഷണ പരമ്പര. ഇതിന് തൊട്ടുപിന്നാലെയാണ് ഓട്ടോ മൊബൈല്‍സിന്റെ എം.ഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കി വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. അഴിമതിക്ക് കണക്ക് പറയിപ്പിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

എ.ഷാജഹാനാണ് കേരള ഓട്ടോമൊബൈല്‍സിലെ പുതിയ എം.ഡി. മലബാര്‍ സിമന്റ്സ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കി ഒരു വര്‍ഷമായിട്ടും പുനര്‍നിയമനം നല്‍കിയില്ലെന്ന് ആരോപിച്ച് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോളുണ്ടായ കോടതി നിര്‍ദേശം മൂലമാണ് പുനര്‍നിയമിക്കേണ്ടി വന്നതെന്നാണ് വ്യവസായവകുപ്പിന്റെ വിശദീകരണം. പുനര്‍നിയമിച്ചെങ്കിലും പത്മകുമാര്‍ ചുമതലയെടുത്തിരുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് വ്യവസായവകുപ്പിന്റെ നടപടി.