അഞ്ചുജീവനുകള്‍ പൊലിഞ്ഞത് വാട്ടര്‍ ബല്ലാസ്റ്റില്‍; സുരക്ഷാവീഴ്ചയോ..?

shipyard-blast-t
SHARE

അഞ്ചു പേരുടെ ജീവനെടുത്ത ദുരന്തത്തിനു പിന്നാലെ കപ്പൽശാലയിലെ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമായിരുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ സുരക്ഷാവീഴ്ച സംഭവച്ചിട്ടില്ലെന്ന നിലപാടിലാണ് കപ്പൽശാല അധികൃതർ.  

സ്ഫോടനം ഉണ്ടായത് സാഗര്‍ ഭൂഷണ്‍ എണ്ണ പര്യവേഷണ കപ്പലിന്റെ വാട്ടര്‍ ബല്ലാസ്റ്റിലാണ്. കപ്പല്‍ ചെരിയാതെ നേരെ നില്‍ക്കാന്‍ വെള്ളം നിറയ്ക്കുന്ന അറ ആണ് ബല്ലാസ്റ്റ്. 1991ലും കൊച്ചി കപ്പല്‍ശാലയില്‍ ഒ.എന്‍.ജി.സി. കപ്പലില്‍ തന്നെ സ്ഫോടനം നടന്ന് രണ്ടുമലയാളികള്‍ മരിച്ചിരുന്നു. പെയിന്റിങ് ജോലി ചെയ്തിരുന്ന രണ്ടു പേരാണ് അന്നുമരിച്ചത്. 

കപ്പലുകൾ അറ്റകുറ്റപ്പണിക്കായി കയറ്റുന്ന ഡ്രൈഡോക്കിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച ടാങ്കിൽ ജനുവരി പന്ത്രണ്ട് മുതൽ അറ്റകുറ്റപ്പണി നടന്നുവരികയുമാണ്. അസറ്റിലിൻ വാതകമുപയോഗിച്ചാണ് വെൽഡിങ് ജോലികൾ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷവും അസറ്റിലിൻ വാതകം ടാങ്കിൽ അവശേഷിച്ചിരുന്നതാവാം അപകടത്തിനു കാരണമായതെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ സംശയം. ഇന്ന് ജോലികൾ തുടങ്ങും മുമ്പ് ഇക്കാര്യം പരിശോധിക്കുന്നതിൽ സുരക്ഷാ വിഭാഗത്തിനുണ്ടായ വീഴ്ചയാവാം അപകടകാരണമെന്നും  ഒരു വിഭാഗം ജീവനക്കാർ സംശയിക്കുന്നു. 

എന്നാൽ ജീവനക്കാരെ കയറ്റും മുമ്പ് സുരക്ഷാപരിശോധന പൂർത്തിയാക്കിയിരുന്നെന്നാണ് കപ്പൽശാല അധികൃതരുടെയും സുരക്ഷാ വിഭാഗത്തിൻറെയും വിശദീകരണം. 

കപ്പൽശാലയിലെ ഓപ്പറേഷൻസ് ഡയറക്ടർ സുരേഷ്ബാബുവിൻറെ അന്വേഷണം പൂർത്തിയായ ശേഷമേ അപകടത്തിൻറെ യഥാർഥ കാരണം വ്യക്തമാക്കാനാകൂ എന്നും  കപ്പൽശാല അധികൃതർ അറിയിച്ചു. 1991 ലാണ് കൊച്ചി കപ്പൽശാലയിൽ ഇതിനു മുമ്പ് വലിയ അപകടമുണ്ടായത്. അന്നും ഒഎൻജിസി കപ്പലിലായിരുന്നു അപകടം. രണ്ടു പെയിൻറിങ് തൊഴിലാളികൾ അന്നത്തെ  അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.  

MORE IN KERALA
SHOW MORE