ഇടതുപക്ഷം വോട്ടുബാങ്കിന് പിന്നാലെ പോയി; സ്വയംവിമര്‍ശനവുമായി കാനം

kanam-rajendran-2
SHARE

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു പിന്നാലെ ഇടതുപക്ഷം പോയിട്ടുണ്ടെന്നും ഇതിൽ നിന്ന് യഥാർഥ ഇടതുനിലപാടുകളിലേക്കു മാറേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ‍ ഭരണകൂടവും പൗരാവകാശവും എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. 

നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിൽ വിത്തിട്ടു ഫലം കൊയ്യുകയായിരുന്നു ഇടതുപക്ഷം. എന്നാൽ ഇതു നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞതുമില്ല. കമ്മ്യൂണിസ്റ്റു പാർട്ടികൾ പിളർപ്പിനു ശേഷം പരസ്പരം പോരടിക്കുന്നതിലേക്കു പോയി. 

വർഗീയതയ്ക്കെതിരേ പോരാടാൻ തയാറുള്ളവരെ ഒപ്പം കൂട്ടുമ്പോൾ അവരുടെ ജാതകം നോക്കേണ്ടതില്ലെന്ന നിലപാടിൽ‍ ഉറച്ചു നിൽക്കുന്നു. താൻ‍ ഉന്നയിക്കുന്ന ആശയങ്ങൾ ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. വ്യാജ ഏറ്റുമുട്ടലുകൾക്കെതിരേ പ്രതിഷേധിച്ചത് ഇടതുപാർട്ടികൾ ഒരുമിച്ചാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണു വിവരാവകാശ നിയമം കൊണ്ടു വന്നത്. ഈ നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമം ഉണ്ടായപ്പോൾ അതിനെതിരേ സമരം ചെയ്തതും സിപിഎമ്മും സിപിഐയും ഒരുമിച്ചാണ്. 

ഇടതുസർക്കാരിൽ നിന്ന് ഈ വിഷയങ്ങളിൽ സംശയമുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകുമ്പോൾ അതു ചോദിക്കുകയാണു താൻ ചെയ്തത്. യുഎപിഎ ചുമത്തി വിചാരണയില്ലാതെ ആളുകളെ അനന്തമായി ജയിലിൽ അടയ്ക്കുന്നതിനെതിരേ പ്രതികരിച്ചത് ഇടതുപക്ഷം ഒരുമിച്ചായിരുന്നു. അത്തരമൊരു സാഹചര്യമുള്ള ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് യുഎപിഎ ചുമത്തി ആളുകളെ ജയിലിൽ അടയ്ക്കാൻ കഴിയുക എന്ന സംശയമാണു താൻ ഉന്നയിച്ചത്. 

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു തെറ്റായ നിലപാടുകളുണ്ടാകുമ്പോൾ അതു ചൂണ്ടിക്കാണിക്കേണ്ടതു പ്രതിപക്ഷത്തിന്റെ മാത്രം ജോലിയല്ല. ആന്തരിക ശുദ്ധീകരണമാണ് താൻ ഉന്നയിച്ച വിമർശനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

നുണകള്‍ മാത്രം പരിചയിച്ച പ്രസ്ഥാനത്തിന്‍റെ പുതിയ നുണ; ബിജെപിയെ തിരിച്ചടിച്ച് സച്ചിദാനന്ദന്‍

കേരള സാഹിത്യോല്‍സവത്തിന്‍റെ പങ്കാളിത്തത്തെ ചൊല്ലി ബിജെപിയും സംഘാടകരും വീണ്ടും നേര്‍ക്കുനേര്‍. എകെജി ഭവനില്‍ നിന്ന് തീട്ടൂരം വാങ്ങിയ എഴുത്തുകാര്‍ മാത്രം പോര സാഹിത്യോല്‍സവത്തിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുന്നവരെക്കുറിച്ച് വലിയ വിവരമില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നാണ് കവി സച്ചിദാനന്ദന്‍റെ ഉപദേശം. നുണകള്‍ മാത്രം നിര്‍മിച്ച് പരിചയമുള്ള ഒരു പ്രസ്ഥാനത്തിന്‍റെ പുതിയ നുണയായി മാത്രമേ ഇതിനെ കാണാനാകൂവെന്ന് അദ്ദേഹം തുറന്നടിച്ചു. 

എല്ലാ ചിന്താഗതികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. സംഘാടകരുടെ നടപടി വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും എതിരാണ്. ചോദ്യം ചെയ്യാനുള്ള സ്വാതന്ത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ പട്ടിക പരിശോധിക്കണമെന്നാണ് സച്ചിദാനന്ദന്‍റെ മറുപടി. എഴുത്തും വായനയും അറിയുന്നവര്‍ ആ സംഘടനയില്‍ കുറവാണെന്നും വല്ലവരുമുണ്ടെങ്കില്‍ വസ്തുത പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.  ഈ എഴുത്തുകാര്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നും നോക്കണം–അദ്ദേഹം പറഞ്ഞു. 

സാഹിത്യോല്‍സവത്തില്‍ എല്ലാതരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നും ഇടത് വലത് വേര്‍തിരിവ് ഉണ്ടാകുന്നത് ശരിയല്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടിരുന്നു. 

MORE IN KERALA
SHOW MORE