ഹാദിയയുടെ വിവാഹത്തില്‍ ഇടപെടില്ല; എന്‍ഐഎ അന്വേഷിക്കേണ്ട: സുപ്രീംകോടതി

hadiya
SHARE

ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കരുതെന്ന് സുപ്രീംകോടതി.  വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയെ കേസില്‍ കക്ഷിചേര്‍ത്തു. ഹേബിയസ് കോർപസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തിന്റെ കാര്യത്തിൽ നിലപാട് എഴുതി നൽകാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22നാണ് കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുൻപ് അറിക്കാനുള്ളത് ഹാദിയ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.  

അതേസമയം ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ഇനി ജയ്ദീപ് ഗുപ്ത ഹാജരാകും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വി.ഗിരിയുടെ നിലപാട് വിവാദമായിരുന്നു. കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജൻസിയെ പിന്താങ്ങുകയാണ് അഭിഭാഷകൻ രണ്ടുതവണ ചെയ്‌തതെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് വിവരം.  

സംസ്‌ഥാനത്തിന്റെ അഭിഭാഷകൻ കോടതിയിലെടുത്ത നിലപാട് തിരുത്തേണ്ടതുണ്ടെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തിലൂടെ ഇന്നലെ വ്യക്‌തമാക്കി. അഭിഭാഷകനെ മാറ്റണമെന്നുതന്നെയാണ് ഉദ്ദേശിച്ചതെന്നും സംസ്‌ഥാന ഭരണനേതൃത്വവുമായി സംസാരിച്ചശേഷമുള്ളതാണ് ആ നിലപാടെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ സൂചിപ്പിച്ചു.  

സംസ്‌ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാൻ അനുവദിക്കണമെന്നു നേരത്തേ, എൻഐഎ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എൻഐഎയുടെ അഭിഭാഷകൻ എടുത്തുപറയുകയും ചെയ്‌തു. 

അന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എൻഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങൾ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എൻഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകർ ആദ്യം രേഖകൾ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി. ഗിരിയും യോജിക്കുകയായിരുന്നു. കോടതിയുടെ ഉദ്യോഗസ്‌ഥനെന്ന നിലയിലാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്‌തമാക്കിയത്. എന്നാൽ, സംസ്‌ഥാനം നിയോഗിക്കുമ്പോൾ വ്യക്‌തിപരമായ നിലപാടല്ല സർക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE