മുഖ്യമന്ത്രി നിര്‍ദേശം നല്‍കി; പള്ളിവാസലിൽ പദ്ധതികൾ ഉണർവിലേക്ക്...മനോരമ ന്യൂസ് ഇംപാക്ട്

pallivasal-project
SHARE

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ജോലികള്‍ അടുത്തമാസം അഞ്ചിന് പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ജോലികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഭൂമിപൂജ നടന്നു. വെളിച്ചം വിഴുങ്ങികളെന്ന മനോരമ ന്യൂസ് ടോപ്പ് റിപ്പോര്‍ട്ടര്‍ പരമ്പരയാണ് സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടലിന് കാരണം. 

സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയാണ് അറുപത് മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി. നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. രണ്ടായിരത്തിലധികം കോടി രൂപ ഇതിനോടകം പദ്ധതിക്കായി ചെലവാക്കി. ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചത് ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് പുറത്തുവിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോലികള്‍ പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് 130 കോടി രൂപയ്ക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പള്ളിവാസലിലെത്തിയ കമ്പനി പ്രതിനിധികള്‍ ഭൂമിപൂജ പൂര്‍ത്തിയാക്കി. 580 മീറ്റര്‍ ടണല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 

മുടങ്ങിക്കിടക്കുന്ന മറ്റ് പദ്ധതികളുടെയും പ്രതിസന്ധി പരിശോധിച്ച് നിര്‍മാണം പുനരാരംഭിക്കാനുള്ള നടപടികള്‍ക്കും വൈദ്യുതിമന്ത്രി എം.എം.മണി നിര്‍ദേശം നല്‍കി. 

MORE IN KERALA
SHOW MORE