മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല; കനിയാതെ സർക്കാർ

rajumon
SHARE

പുറംകടലില്‍ മരിച്ച മല്‍സ്യതൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ വിഷമിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു മുന്നില്‍ കനിയാതെ സര്‍ക്കാര്‍. തിരുവനന്തപുരം കൊച്ചുതുറ സ്വദേശി രാജുമോന്‍ ആണ് ശനിയാഴ്ച ഗുജറാത്ത് പുറംകടലില്‍ മരിച്ചത്. മത്സ്യം കൊണ്ടു വരുന്ന ഐസ് പെട്ടിയില്‍ മൃതദേഹം സൂക്ഷിച്ച് ബോട്ട് കേരളത്തിലേയ്ക്കു വരികയാണ്. കരയിലെത്താന്‍ ഏഴു ദിവസമെടുക്കുമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. 

കൊച്ചുതുറ സ്വദേശി രാജുമോന്‍ ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയുടെ ഇബ്രാഹിം എന്ന ബോട്ടില്‍ കഴിഞ്ഞ പതിനൊന്നിനാണ് രാജുമോന്‍ അടങ്ങുന്ന പത്തംഗ സംഘം കര്‍ണ്ണാടകയിലെ മലപ്പയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയത്. ആദ്യം രാജുമോന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും പിന്നീട് മരിച്ചുവെന്നും കൂടെയുള്ളവര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മീന്‍ കൊണ്ടുവരുന്ന ഐസ് പെട്ടിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

ഒാഖി ദുരന്തത്തേത്തുടര്‍ന്ന് കര്‍ണ്ണാടകയിലെ മലപ്പയില്‍ ബോട്ടടുപ്പിച്ചതുകൊണ്ടാണ് ഇവര്‍ അവിടെ നിന്നു മത്സ്യബന്ധനത്തിനു പോയത്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കലക്ടര്‍, ഫിഷറീസ് വകുപ്പ് അധികൃതര്‍ എന്നിവരെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാരിനില്ലെന്നാണ് ഫിഷറീസ് മന്ത്രി നല്കിയ മറുപടി. 

MORE IN KERALA
SHOW MORE