മോദീവിമര്‍ശനം വായിക്കാതെ ഗവര്‍ണര്‍; സര്‍ക്കാരിന് ഇത് പുതിയ വിവാദപ്രഖ്യാപനം

policy-addresss
SHARE

നയപ്രഖ്യാപന പ്രസംഗത്തില്‍  കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിയമസഭയില്‍ വായിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ അട്ടിമറിക്കുന്നു എന്ന ഭാഗമാണ് ഒഴിവാക്കിയത്. അതോടൊപ്പം ചിലവര്‍ഗീയ ശക്തികള്‍ വര്‍ഗീയലഹള ഉണ്ടാക്കാന്‍ ആസൂത്രണം ചെയ്തു എന്ന ഭാഗവും ഒഴിവാക്കി. അതേസമയം അച്ചടിച്ചു നല്‍കിയ പ്രസംഗത്തിലെ വിമര്‍ശനം ഉള്‍പ്പെടുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുകയും ചെയ്തു. 

ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം നിയമസഭയില്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിലാണ് കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരെയുള്ള രൂക്ഷ വിമര്‍ശനം ഉള്‍‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാരിനെ മറികടന്ന്, കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണാധികാരികളുമായി നേരിട്ട് ഇടപെടുന്നുവെന്ന വാചകം ഗവര്‍ണ്ണര്‍വായിച്ചില്ല.അതിന ്മുന്‍പും പിന്‍പുമുള്ള വാചകങ്ങള്‍ വായിക്കുകയും ചെയ്തു.  

പേരെടുത്തുപറായതെയാണ് സംഘപരിവാര്‍ശക്തികളെ വിമര്‍ശിച്ചിരുന്നത്. ചില വര്‍ഗ്ഗീയസംഘടനകള്‍ ആസൂത്രണം ചെയ്തിരുന്നു എങ്കില്‍പോലും  നമ്മുടെ സംസ്ഥാനത്ത് യാതൊരുരീതിയിലുള്ള വര്‍ഗ്ഗീയലഹളയും ഉണ്ടായിട്ടില്ല എന്നാണ് എഴുതി തയ്യാറാക്കിയ പ്രസംഗത്തിലുള്ളത്.  ഇത് ഗവര്‍ണ്ണര്‍ ‍വെട്ടിച്ചുരുക്കി, സംസ്ഥാനത്ത് വര്‍ഗ്ഗീയലഹള ഉണ്ടായിട്ടില്ല എന്ന് മാത്രമാക്കി.  

പിണറായി സര്‍ക്കാരിന്റെ കേന്ദ്രവിരുധ നിലപാടിനോടും വര്‍ഗ്ഗീയലഹളക്ക് സംഘപരിവാര്‍ ശക്തികള്‍ കളമൊരുക്കി എന്ന ആരോപണത്തോടും ഗവര്‍ണ്ണര്‍ യോജിക്കുന്നില്ലെന്നതിന്റെ തെളിവായി നയപ്രഖ്യാപന പ്രസംഗം. അതേസമയം സംസ്ഥാനത്തിന്റെ   മതേതര പാരമ്പര്യത്തെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തി, നേട്ടങ്ങളെ കുറച്ചുകാണിച്ചു, ക്രമസമാധാനനിലസംബന്ധിച്ച ദുരാരോപണങ്ങള്‍ ഉന്നയിച്ചു എന്നീ പ്രസംഗഭാഗങ്ങള്‍  ജസ്റ്റിസ് സദ്ശിവം സഭയില്‍വായിക്കുകയും ചെയ്തു.  

നയപ്രഖ്യാപനം ഇങ്ങനെ

റവന്യു ഇടപാടുകള്‍ ഓണ്‍ലൈനാക്കുമെന്ന് നയപ്രഖ്യാപനപ്രസംഗം. ഭൂനികുതിയടയ്ക്കല്‍ ഓണ്‍ലൈനാകും. അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തും. എന്നാല്‍ കിഫ്ബിവഴി പുതിയ വന്‍കിട പദ്ധതികളൊന്നുമുണ്ടാകില്ലെന്ന സൂചനയും നയപ്രഖ്യാപനപ്രസംഗം നല്‍കുന്നു. 

ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപനപ്രസംഗത്തില്‍ പുതിയ പ്രഖ്യപനങ്ങള്‍ കുറവാണ്. റവന്യു ഇടപാടുകള്‍ ഓണ്‍ലൈനാക്കാനുള്ള ഉദ്യമമാണ് പ്രധാനം. ഭൂനികുതിയടയ്ക്കല്‍ പൂര്‍ണമായി ഓണ്‍ലൈനാക്കും. വസ്തുപോക്കുവരവ് മാര്‍ച്ചിനകം ഓണ്‍ലൈനാക്കും. സര്‍ട്ടിഫക്കറ്റുകള്‍ ഡിജിറ്റലാക്കും. 500 വില്ലേജ് ഓഫിസുകളില്‍ പൗരസഹായ ഡസ്കുകള്‍ തുടങ്ങും. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് മാനക്കേടാണെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന് ഊര്‍ജിതനടപടികളുണ്ടാകണം.  

അഴിമതി വിരുദ്ധഭരണം ഉറപ്പാക്കും. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും. വ്യവസായസംരംഭങ്ങളുടെ ഓണ്‍ലൈന്‍ അനുമതിക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകും. കെ.എസ്.ആര്‍.ടി.സിയെ സമയബന്ധിതമായി പുനസംഘടിപ്പിക്കും. വിനോദസഞ്ചാര വികസനത്തിന് ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. പൊലീസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 25ശതമാനമായി ഉയര്‍ത്തും. കായികവികസനത്തിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. കിനാലൂരില്‍ ആധുനിക ലഹരിവിമുക്തകേന്ദ്രം തുടങ്ങും. കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. അണ്‍എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കും. നഴ്സുമാര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. എല്ലാ ജില്ലകളിലും മാതൃകാപൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ഫൊറന്‍സിക് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.  

    

MORE IN BREAKING NEWS
SHOW MORE