നികുതിവെട്ടിപ്പിന് പുതിയ 'നമ്പര്‍'; നമ്പര്‍പ്ലേറ്റ് മാറ്റി കോടികളുടെ നികുതിവെട്ടിപ്പ്

number-plate
SHARE

ചെക്പോസ്റ്റിലെത്തുമ്പോള്‍ നമ്പര്‍പ്ലേറ്റ് മാറ്റി നികുതികുടിശ്ശിക വെട്ടിച്ച്  അന്തര്‍ സംസ്ഥാന പെര്‍മിറ്റ് വാഹനങ്ങള്‍ സംസ്ഥാനത്തെത്തുന്നു. പരിഷ്ക്കരിച്ച നികുതി ഘടനയ്ക്കുള്ള സ്റ്റേ ഹൈക്കോടതി ഒഴിവാക്കിയതിനാല്‍ മൂന്നു വര്‍ഷത്തെ കുടിശിക പിടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ്  വാഹനങ്ങളുടെ ഒഴുക്ക്. ഈ  കണക്കില്‍ വയനാട് മുത്തങ്ങ ചെക്പോസ്റ്റില്‍ മാത്രം പിരിച്ചെടുക്കാനുള്ളത് 7 കോടി രൂപയാണ്. മനോരമന്യൂസ് അന്വേഷണം.

അന്തര്‍ സംസ്ഥാന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ കേരളത്തിലെത്തുമ്പോള്‍ പുഷ് ബാക്ക് സീറ്റ് ഒന്നിന് നികുതി ഘടന 400 രൂപയാക്കി  2014 ല്‍ പരിഷ്ക്കരിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ മൂന്നു മാസത്തെ നികുതി ഒന്നിച്ചടയ്ക്കണമെന്നായിരുന്നു ചട്ടം. സ്റ്റേറ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ 7 ദിവസത്തെ നികുതിയും. എന്നാല്‍ ഈ നിരക്കുവര്‍ധന ഹൈക്കോടതി 2014 ല്‍ തന്നെ സ്റ്റേ ചെയ്തു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് സ്റ്റേ നീക്കിയിരുന്നു. സ്റ്റേ നിലനിന്ന കാലയളവിലെ നികുതികൂടി കണക്കാക്കി കുടിശ്ശിക പിരിക്കാന്‍ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മുത്തങ്ങ ചെക്പോസ്റ്റിലെ കണക്കുപ്രകാരം വിവിധ വാഹനങ്ങളുടെ കുടിശിക കോടികളാണ്.  

ലക്ഷക്കണക്കിന് രൂപ നികുതികുടിശികയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് കര്‍ണാടകയില്‍ നിന്നും ഒരോ ദിവസവും കേരളത്തിലെത്തുന്നത്. എങ്ങനെയൊക്കെയാണ് നികുതിവെട്ടിപ്പ് എന്നത് അമ്പരപ്പിക്കുന്നതാണ്. കുടിശികയുള്ള വാഹനങ്ങളുടെ വിവരങ്ങളെല്ലാം അതത് ചെക്പോസ്റ്റിലുണ്ട്. കുടിശികയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ചെക് പോസ്റ്റ് കടക്കുന്നതിന് തൊട്ടുമുമ്പ് മാറ്റും. നികുതി കുടിശികയില്ലാത്ത വാഹനങ്ങളുടെ നമ്പറായിരിക്കും പകരം ഒട്ടിക്കുക. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരം മൂന്ന് സംഭവങ്ങള്‍ മോട്ടോര്‍ വാഹന ഉദ്യേഗസ്ഥര്‍ പിടിച്ചു. വാഹനത്തിന്റെ ചേസിസ് നമ്പറും ആര്‍സിബുക്കിലെ നമ്പറും മുന്‍കാലങ്ങളില്‍ നികുതിയടച്ച ഫയലും ഒത്തു നോക്കിയാലേ തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകൂ. ഇത്തരത്തില്‍ ഒരു വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കണമെങ്കില്‍ ഒരു വാഹനത്തിന് കുറഞ്ഞത് പതിനഞ്ച് മിനുട്ടെങ്കിലും വേണ്ടി വരും. മൂന്നു ജീവനക്കാര്‍ മാത്രമുള്ള മുത്തങ്ങയില്‍ ഈ പരിശോധന പ്രായോഗികമല്ല. 

MORE IN KERALA
SHOW MORE