സൈനികന്റെ വീട്ടിൽ വിങ്ങിപ്പൊട്ടി കലക്ടർ

anupama-collector
ഫോട്ടോ: സജിത് ബാബു
SHARE

പാക്കിസ്ഥാൻ വെടിവയ്പിൽ വീരമൃത്യു വരിച്ച ധീരസൈന‍ികൻ സാം ഏബ്രഹാമിന്റെ വീട്ടിലെത്തിയതും ജില്ലാ കലക്ടർ അനുപമ ഒരു നിമിഷം സ്തബ്ധയായി നിന്നു. സാമിന്റെ അമ്മ സാറാമ്മയുടെ അരികിൽ അവരുടെ കൈകളിൽ പിടിച്ച്, കണ്ണുകളിലേക്കു നോക്കി ടി.വി.അനുപമ ഇരുന്നു. ഒരു കലക്ടറായല്ല, അമ്മയുടെ നോവറിയുന്ന ഒരു വനിതയായി. രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ മകന്റെ അമ്മയാണു മുന്നിൽ. അവർ പറയുന്നതു സ്വന്തം നഷ്ടത്തെക്കുറിച്ചല്ല, രാജ്യത്തിന്റെ നഷ്ടത്തെക്കുറിച്ചാണ്. 

അമ്മയുടെ വാക്കുകൾ കേട്ടിരുന്ന കലക്ടർ ഒരു നിമിഷത്തിൽ വിങ്ങിപ്പൊട്ടി. ഇന്നലെ ഉച്ചകഴിഞ്ഞാണ‍ു കലക്ടർ ടി.വി.അനുപമ സാം ഏബ്രഹാമിന്റെ വീട്ടിലെത്തിയത്. മുറ്റത്തു നിന്ന അച്ഛൻ ഏബ്രഹാമിനെ ആശ്വസിപ്പിച്ച ശേഷമാണ് അമ്മയുടെ അടുത്തേക്കു നീങ്ങിയത്. മനസ്സു തകർന്ന അമ്മയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്നു വാക്കു കിട്ടാതെ, അവർ പറയുന്നതു കേട്ട് അനുപമ ഏറെ നേരമിരുന്നു.

മനമസാന്നിധ്യം വീണ്ടെടുത്ത കലക്ടർ കണ്ണീർ തുടച്ചശേഷം ആ അമ്മയുടെ കൈകളിൽ പിടിച്ച് പറഞ്ഞു, ‘അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...’ജമ്മുവിലെ അഖ്നൂർ സുന്ദർബനിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്. 

MORE IN KERALA
SHOW MORE