മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയില്‍ പങ്കില്ലെന്ന ഡി.ജി.പിയുടെ വാദം കളവ്

pinarayi-vijayan-and-lokanath-behra
SHARE

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയില്‍ പങ്കില്ലെന്ന ഡി.ജി.പിയുടെ വാദം കളവ്. ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതും ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചതും ലോക്നാഥ് ബെഹ്റയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന് റവന്യൂസെക്രട്ടറിയുടെ ഉത്തരവ് സാക്ഷ്യപ്പെടുത്തുന്നു. ഡി.ജി.പിയുടെ പേരില്‍ തുക കൈമാറാനായിരുന്നു തീരുമാനവും.. 

സുരക്ഷ ഒരുക്കലിനപ്പുറം ഒന്നും ചെയ്തില്ലെന്നായിരുന്നു ഡി.ജി.പിയുടെ വാദം. എന്നാല്‍ തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തലസ്ഥാനത്തേക്കും തിരിച്ച് സമ്മേളനത്തിലേക്കും അതിവേഗത്തില്‍ പറന്നെത്താന്‍ ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതും യാത്രാക്കൂലി കുറയ്ക്കാന്‍ വിലപേശിയതും ഒടുവില്‍ തുക അനുവദിക്കാനായി ദുരന്തനിവാരണ വകുപ്പിന് അപേക്ഷ നല്‍കിയതുമെല്ലാം ഡി.ജി.പിയാണെന്ന് പി.എച്ച് കുര്യന്റെ ഉത്തരവ് വ്യക്തമാക്കുന്നു.. ഡി.ജി.പിയുടെ ഇടപെടല്‍ ഇങ്ങിനെയാണ്. ആകാശയാത്രയുടെ തലേദിവസം, മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതായി കാട്ടി ഡി.ജി.പി റവന്യൂ സെക്രട്ടറിയ്ക്ക് കത്തെഴുതി. ഡിസംബര്‍ 28ന് രണ്ടാമത്തെ കത്ത്. യാത്രാ ചെലവായി എട്ട് ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു രണ്ടാം കത്തിലെ ആവശ്യം.. വിമാനകമ്പനി ആദ്യം 13 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിലപേശലിലൂടെ എട്ട് ലക്ഷമാക്കി കുറച്ചെന്നും ഈ കത്തില്‍ വ്യക്തമാക്കി. ഒടുവില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ, ഡി.ജി.പിക്ക് കൈമാറാനാണ് പി.എച്ച്. കുര്യന്റെ ഉത്തരവിലും പറയുന്നത്. 

മുഖ്യമന്ത്രിയുടെ യാത്രാക്രമീകരണം ഏര്‍പ്പാടാക്കേണ്ടതും പണം ചെലവാക്കേണ്ടതും പൊതുഭരണവകുപ്പാണ്. ഇത് മറികടന്നാണ് തുടക്കം മുതല്‍ ഒടുക്കം വരെ ഡി.ജി.പി ഇടപെട്ടത്. 

ഈ ഇടപെടലിന് പിന്നില്‍‌ മുഖ്യമന്ത്രിയുടേയോ മുഖ്യമന്ത്രിയുടെ ഒാഫീസിന്റേയോ നിര്‍ദേശം ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. ഇതിനൊപ്പം ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കാന്‍ ആരുടെ തീരുമാനമായിരുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നു. 

MORE IN BREAKING NEWS
SHOW MORE