പാലക്കാട്ട് കടമുറിയില്‍ സൂക്ഷിച്ച മന്തുരോഗ നിവാരണ മരുന്നുകള്‍ മാറ്റി

Thumb Image
SHARE

പാലക്കാട്ട് കടമുറിയില്‍ സൂക്ഷിച്ച മന്തുരോഗ നിവാരണ മരുന്നുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജില്ലയില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ സ്ഥിരം സ്ഥലമില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം. പുതിയ മരുന്നുകള്‍ എത്തിച്ചെന്നും രോഗനിവാരണപ്രവര്‍ത്തനം ഉൗര്‍ജിതമായി തുടരുമെന്നും ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചു. വൃത്തിഹീനമായുളള മരുന്നുസൂക്ഷിപ്പിനെക്കുറിച്ചുളള മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. 

പാലക്കാട് വലിയങ്ങാടി മാര്‍ക്കറ്റിലെ വൃത്തിഹീനമായ കടമുറിയില്‍ മന്തുരോഗനിവാരണ മരുന്നുകള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് ഇന്നലെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കടമുറിക്കുളളിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുപെട്ടികളും പുതുശേരിയിലെ ആരോഗ്യവിഭാഗത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം മുഖേന ലഭിച്ച ഡിഇസി, ആല്‍ബന്‍ഡസോള്‍ മരുന്നുകളാണിത്. പതിനേഴ് ലക്ഷം ഡിഇസി ഗുളികകളില്‍ ഭൂരിഭാഗവും പൊടിഞ്ഞുപോകുന്നതായി കണ്ടെത്തിയതിനാല്‍ ഇവ ഉപയോഗിക്കില്ല. നല്ലതും ചീത്തയായതുമായ മരുന്നുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് ചട്ടമെങ്കിലും ആരോഗ്യവിഭാഗത്തിന് കെട്ടിടമില്ല. സ്ഥലം അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് നേരത്തെ ആവശ്യപ്പെട്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചു. 

ജില്ലയില്‍ രോഗവ്യാപന സാധ്യതയുളള പത്തൊന്‍പത് സ്ഥലങ്ങളില്‍ 23 വരെ മരുന്ന് വിതരണം തുടരും. ഇതിനായി പുതിയ മരുന്നുകള്‍ എത്തിച്ചു. മന്തുരോഗത്തിനു കാരണമാകുന്ന വിരയുടെ സാന്നിധ്യം രക്തത്തിൽ അനുവദനീയമായ അളവിൽ കൂടുന്നത് പ്രതിരോധിക്കാനാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. 

MORE IN KERALA
SHOW MORE