വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനം: ഗവർണർക്ക് പരാതി നൽകി

Thumb Image
SHARE

സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തുന്നെന്നാരോപിച്ച് ഗവർണർക്ക് വിവരാവകാശ പ്രവർത്തകരുടെ പരാതി. നിയമന നടപടികളുടെ വിശദാംശങ്ങൾ പോലും സർക്കാർ മറച്ചുവയ്ക്കുന്നെന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ അവസാന കാലത്ത് കമ്മിഷനിൽ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ ഗവർണർ തടഞ്ഞതിനു പിന്നാലെ പുതിയ സർക്കാരും അതേവഴിക്ക് നീങ്ങുകയാണെന്നാണ് വിവരാവകാശ പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.. 

അഞ്ചംഗങ്ങളുടെ ഒഴിവാണ് നിലവിൽ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഉളളത്. ഈ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം പോലും സർക്കാർ നൽകുന്നില്ലെന്നാണ് വിവരാവകാശ പ്രവർത്തകരുടെ ആരോപണം. ഇടത് അനുകൂലികളായ ചിലരെ കമ്മിഷൻ അംഗത്വത്തിലേക്ക് നിയമിക്കാനാണ് സർക്കാർ ഒളിച്ചുകളി നടത്തുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമന നടപടികൾക്കെതിരെ വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള ആർടിഐ ഫെഡറേഷൻ ഗവർണർക്ക് പരാതി നൽകിയത്. പരാതിക്കൊപ്പം ഹൈക്കോടതിയിൽ നിയമ നടപടിഖകളുമായി മുന്നോട്ടു പോകുന്നതിനെ കുറിച്ചും സംഘടന ആലോചിക്കുന്നുണ്ട്. 

മുൻ സർക്കാരിൻറെ അവസാനകാലത്ത് കമ്മിഷനിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്താനുളള നീക്കം ഗവർണർ തടയുകയും സുപ്രീംകോടതിയടക്കം ഗവർണറുടെ നിലപാട് ശരിവയ്ക്കുകയും ചെയ്തിരുന്നു. കമ്മിഷൻ അംഗങ്ങളുടെ നിയമനം വൈകുന്നതിനാൽ ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇപ്പോൾ തന്നെ വിവരാവകാശ കമ്മിഷനിൽ കെട്ടിക്കിടക്കുന്നത്. ഇതിനിടെ നിയമനത്തിനുളള സർക്കാരിൻറെ പുതിയ നീക്കവും വിവാദങ്ങളിലേക്ക് നീങ്ങിയാൽ കമ്മിഷൻ പ്രവർത്തനങ്ങളാകെ താളം തെറ്റുമെന്ന മുന്നറിയിപ്പും വിവരാവകാശ പ്രവർത്തകർ നൽകുന്നു. 

MORE IN KERALA
SHOW MORE