ഓഖിയിൽ കാണാതായത് എത്രപേരെ..? സര്‍ക്കാരിന് അവ്യക്തത

Thumb Image
SHARE

ഓഖി ദുരന്തം വിതച്ച് പതിനാറ് ദിവസം കഴിയുമ്പോളും ദുരിതബാധിതരേക്കുറിച്ചുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കണക്കില്‍  കടുത്ത അവ്യക്തത തുടരുന്നു.  177 പേരെ കണ്ടെത്താനുണ്ടെന്ന് കാട്ടി പൊലീസ് എഫ്.ഐ. ആര്‍ തയാറാക്കിയപ്പോള്‍ 84 പേരെ മാത്രമാണ് കാണാതായെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പം തുടരുന്നു. കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

വിവിധ സ്റ്റേഷനുകളില്‍ നിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് ഇന്നലെ ൈവകിട്ടോടെ പൊലീസ് പുതിയ കണക്ക് തയാറാക്കിയത്. അതുപ്രകാരം 177 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തിയിട്ടില്ല. വലിയോ ബോട്ടില്‍ പോയ 17 മലയാളികളടക്കം 204 പേര്‍ തിരിച്ചെത്താനുണ്ടെങ്കിലും അപകട സാധ്യതയില്ലെന്ന വിലയിരുത്തലില്‍ ഇവരെ കാണാതയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഒൻപത് തമിഴ്നാട്ടുകാരടക്കം 84 പേരെ മാത്രമേ കാണാനുള്ളെന്നാണ് അവരുടെ കണക്ക്. അതായത് കാണാതായതായി പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 93 പേർ  റവന്യൂവകുപ്പിന്റെ കണക്കിലില്ല. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം മരണം 64 എങ്കില്‍ റവന്യൂ കണക്കില്‍  67 ആണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ കണക്കില്‍ അവ്യക്തത തുടരുന്നതോടെയാണ് ഇതില്‍ കൂടുതല്‍ പേരെ കണ്ടെത്താനുണ്ടെന്ന നിലപാടോടെ ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കുന്നത്. കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം.

MORE IN BREAKING NEWS
SHOW MORE