അമീറിന് തൂക്കുകയര്‍; സ്ത്രീകളുടെ അന്തസുയര്‍ത്താനുള്ള വിധിയെന്ന് കോടതി

Thumb Image
SHARE

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്‍ലാമിന് തൂക്കുകയര്‍. നിർഭയക്കേസ് പോലെ അപൂര്‍വത്തില്‍ അപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസെന്ന നിലയിൽ പരമാവധി ശിക്ഷ നൽകേണ്ടത് അനിവാര്യമാണെന്നും കോടതി വിലയിരുത്തി.സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. 

സമാനതകളില്ലാത്ത ആഘാതമാണ് ജിഷവധം സമൂഹ മനസാക്ഷിയിൽ ഏൽപിച്ചത്. അതുകൊണ്ട് തന്നെ കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം അവരുടെ അന്തസിനെ ബാധിക്കുന്നത് മാത്രമല്ല സമൂഹത്തിന്റെയാകെ വികാസത്തിന് തിരിച്ചടിയാണത്. 410 പേജുള്ള ഉത്തരവിന്റെ അവസാനഭാഗത്ത് ഇങ്ങനെ എടുത്തുപറഞ്ഞ ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത്. കൊലക്കുറ്റം പരിഗണിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. മാനഭംഗക്കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും ഇന്ത്യന്‍ ശിക്ഷാനിയമം 376 എ വകുപ്പനുസരിച്ച് അതിക്രൂരമായ പീഡനത്തിന് ജീവപര്യന്തം തടവും അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് ഏഴുവര്‍ഷം തടവും അന്യായമായി തടഞ്ഞുവച്ചതിന് ഒരുവര്‍ഷം തടവും ശിക്ഷയുണ്ട്. വിവിധ വകുപ്പുകളിലായി തൊണ്ണൂറ്റി ഒന്നായിരം പിഴയും ഒടുക്കണമെന്നും വിധിയുണ്ട്. 

വിചാരണകോടതി വിധിക്കെതിരെ പ്രതിഭാഗം ഇനി ഹൈക്കോടതിയെ സമീപിക്കും. സെഷന്‍സ് കോടതി പക്ഷപാതം കാട്ടിയെന്ന ആരോപണം അഭിഭാഷകൻ വീണ്ടും ഉന്നയിച്ചു. വധശിക്ഷ നിലനിൽക്കുന്നതിനാൽ മറ്റ് വകുപ്പുകളിൽ കോടതി നൽകിയ തടവുശിക്ഷക്ക് തൽക്കാലം പ്രസക്തിയില്ല. എന്നാൽ അപ്പീലിൽ മേൽക്കോടതി വധശിക്ഷ ഇളവ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഇന്നത്തെ വിധി പ്രകാരമുള്ള തടവുശിക്ഷയാകും പിന്നീട് അനുഭവിക്കേണ്ടിവരിക. ഏത് സാഹചര്യത്തിലും കോടതി വിധിച്ച പിഴ ഈടാക്കാൻ സർക്കാരിന് നടപടി സ്വീകരിക്കാവുന്നതാണ്. 

MORE IN BREAKING NEWS
SHOW MORE