ഒാഖി ദുരന്തം; രണ്ടു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Thumb Image
SHARE

ഒാഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച രണ്ടു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി തീരത്തുനിന്നും കൊച്ചി ചെല്ലാനംതീരത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം നാല്‍പത്തി നാലായി. ഇന്നലെ കണ്ടെത്തിയ ഒരാളുടെ മൃതദേഹം തീരസംരക്ഷണസേന വിഴിഞ്ഞത്ത് എത്തിച്ചു. നാവിക,തീരസംരക്ഷണസേനകളുടെ കപ്പലുകളും വ്യോമസേനയുടെ വിമാനവും തിരച്ചില്‍ തുടരുകയാണ് 

മല്‍സ്യബന്ധനത്തിന് പോയവരാണ് പൊന്നാനിയില്‍ കടലില്‍ രണ്ട് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി തീരദേശപൊലീസിനെ വിവരം അറിയിച്ചത്. ഇതിന്റ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ഒരു മൃതദേഹം കണ്ടെടുത്തു. മറ്റതിനായി തിരച്ചില്‍ തുടരുകയാണ്. തീരദേശസംരക്ഷണസേനയുടെ കപ്പല്‍ കഴിഞ്ഞദിവസം മിനിക്കോയ് തീരത്ത് നിന്ന് കണ്ടെടുത്ത മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം വിഴി‍ഞ്ഞം തീരത്തെത്തിച്ചു. കടലില്‍ നിന്ന് കണ്ടെടുത്ത രണ്ട് എന്‍ജിനുകളും തീരദേശ പൊലീസിന് കൈമാറിയിട്ടുണ്ട്. നാവികസേനയുടേയും തീരദേശ സംരക്ഷണസേനയുടേതുമായി ഒന്‍‌പത് കപ്പലുകള്‍ കടലില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 

ഇതില്‍ രണ്ട് കപ്പലുകളില്‍ മല്‍സ്യത്തൊഴിലാളികളുണ്ട്. വ്യോമസേനയുടെ ഒരു വിമാനമാണ് തിരച്ചിലിനുള്ളത്. ഇനി 144 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. പലകാരണങ്ങളാല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടിക കൂടി കൂട്ടുമ്പോള്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 178 ആകും. കണ്ടെത്തിയതില്‍ 14 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. 

MORE IN KERALA
SHOW MORE