ഹൈഡൽ ടൂറിസം കോറിഡോർ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

Thumb Image
SHARE

അഴിമതിനീക്കം പുറത്തായതിനെ തുടർന്ന് വൈദ്യുതി ബോർഡിന് കീഴിൽ തുടങ്ങാനിരുന്ന ഹൈഡൽ ടൂറിസം കോറിഡോർ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു. എന്നാൽ കാരണക്കാരനായ ഉന്നതന് വകുപ്പുമന്ത്രിയുടെ ഓഫീസിൽ സുരക്ഷിതനിയമനവും ലഭിച്ചു. മലബാറിലെ ഡാമുകളെ കൂട്ടിയിണക്കി, 320 കോടി ചിലവിൽ തുടങ്ങാൻ തീരുമാനിച്ച പദ്ധതിയാണ് പ്രാരംഭഘട്ടത്തിലേ അവസാനിപ്പിക്കേണ്ടി വരുന്നത്. രേഖകൾ മനോരമ ന്യൂസ് പുറത്തുവിടുന്നു.

വയനാട്ടിലെ ബാണാസുരസാഗര്‍, കോഴിക്കോട് കക്കയം, പെരുവണ്ണാമൂഴി. സഞ്ചാരികളേറെ എത്തുന്ന ഈ ഡാമുകളെ തമ്മിൽ ബന്ധിപ്പിച്ച് ടൂറിസം ഇടനാഴി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വൈദ്യുതി ബോർഡിന് കീഴിലെ ഹൈ‍ഡൽ ടൂറിസം സെന്ററിന്റെ ചുമതലയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 320കോടി ചിലവ് കണക്കാക്കിയ പദ്ധതിക്ക് പിന്നിൽ മലബാറിലെ സിപിഎം നേതൃത്വത്തിൽ ഒരുവിഭാഗത്തിന്റെ താൽപര്യമുണ്ടെന്ന് തുടക്കത്തിലേ ആക്ഷേപമുയർന്നു. കിഫ്ബിയിൽ നിന്ന് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചതായി ഡാമുകള്‍ നേരിട്ട് ധനമന്ത്രിയുടെ പ്രഖ്യാപനവും ഉണ്ടായി.

എന്നാല്‍ ടെണ്ടര്‍ നടപടികൾ മുതൽ ക്രമക്കേട് നിറഞ്ഞതായിരുന്നു. പദ്ധതിക്കായി എറണാകുളത്തെ കമ്പനിയെ തിരഞ്ഞെടുത്തത് വഴിവിട്ടാണ് എന്നതിന് തെളിവുകള്‍ സഹിതം പരാതികള്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നിലെത്തി. ടൂറിസം മേഖലയിൽ പരിചയം ഒന്നുമില്ലാത്ത കമ്പനിക്ക് പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മാത്രം നൽകേണ്ടിയിരുന്നത് 92ലക്ഷം രൂപ. ഭരണസമിതിയുടെ അനുമതിയില്ലാതെ ഇത് കൊടുക്കാന്‍ ഹൈഡൽ ടൂറിസം ഡയറക്ടർ നടത്തിയ നീക്കം റഗുലേറ്ററി കമ്മിഷന്‍ ആദ്യം തടഞ്ഞു. തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റെല്ലാ നടപടികളും നിർത്തിവയ്ക്കാനും കമ്മിഷൻ നിർദേശിച്ചു. പിന്നാലെ കെഎസ്ഇബി ചെയർമാന്‍ ഡോ കെ ഇവങ്കോവനും വിഷയത്തിൽ ഇടപെട്ടു. ക്രമക്കേടുകൾ വിശദമാക്കി വകുപ്പ് മന്ത്രിക്ക് അദ്ദേഹം നൽകിയ കത്തിന്റെ പകർപ്പാണിത്. ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നായിരുന്നു ചെയർമാന്‍റെ ശുപാർശ. എന്നാല്‍ അപ്പോഴേക്കും ആരോപണവിധേയൻ വൈദ്യുതി മന്ത്രിയുടെ തന്നെ ഓഫീസില്‍ ഉന്നതസ്ഥാനത്ത് എത്തിയിരുന്നു. റഗുലേറ്ററി കമ്മിഷന്റെയും ബോർഡ്ചെയർമാന്റെയും തലയ്ക്കുമുകളിലൂടെയാണ് പിന്നെ കാര്യങ്ങള്‍ നീങ്ങിയത്. 

MORE IN KERALA
SHOW MORE