ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴമ്പില്ലെന്ന് റിപ്പോർട്ട്

Thumb Image
SHARE

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേ, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ചുമത്തിയ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴമ്പില്ലെന്ന് അന്വേഷണ സംഘം. ടോം ജോസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള റിപ്പോർട്ട് വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചു. ടോം ജോസിൻറെ ഭാഗം കേൾക്കാതെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്ന സൂചനയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 

ടോം ജോസ് അനധികൃതമായി ഒരു കോടി പത്തൊമ്പത് ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു ജേക്കബ് തോമസ് ഡയറക്ടറായിരിക്കേ വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്.ഇതിൻറെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ചുമത്തുകയായിരുന്നു. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണന പോലും നൽകാതെ ടോം ജോസിൻറെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ് നടത്തി. സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഐഎഎസ് അസോസിയേഷൻറെ എതിർപ്പ് മറികടന്നും ടോം ജോസിനെ എട്ടര മണിക്കൂർ നേരം വിജിലൻസ് ചോദ്യം ചെയ്യുകയും െചയ്തിരുന്നു. ഇതിനെല്ലാമൊടുവിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ടോം ജോസിനെ അന്വേഷണ സംഘം കുറ്റവിമുക്തനാക്കിയത്. രഹസ്യാന്വേഷണം നടത്തുമ്പോൾ ടോം ജോസിൻറെ ഭാഗം േകട്ടിരുന്നില്ലെന്നാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുളള റിപ്പോർട്ടിലെ വിജിലൻസ് വിശദീകരണം. 

അന്വേഷണത്തിൻറെ ഭാഗമായി ടോം ജോസിൻറെ മൊഴിയെടുത്തപ്പോൾ മുമ്പ് കണക്കിൽപ്പെടാതിരുന്ന ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ വരുമാന സ്രോതസ് അദ്ദേഹത്തിന് വ്യക്തമാക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഭാര്യാപിതാവ് നൽകിയ ഒരു കോടി രൂപയും മ്യൂച്വൽ ഫണ്ട് വഴി സമാഹരിച്ച അറുപത്തിയഞ്ച് ലക്ഷം രൂപയുമാണ് പുതുതായി കണക്കിൽ ചേർത്തത്. ഈ തുകയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ടോം ജോസ് സമർപ്പിച്ചതോടെ വിജിലൻസിൻറെ ആദ്യ കണ്ടെത്തലുകൾ പൊളിയുകയായിരുന്നു. പ്രവാസി മലയാളിയായ അനിത ജോസിൻറെ സാമ്പത്തിക ഇടപാടുകൾ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് ടോം ജോസ് നടത്തുന്നതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് ആരോപിച്ചിരുന്നു. എന്നാൽ അനിത ടോം ജോസിനനുകൂലമായി മൊഴി നൽകിയതോടെ ഈ ആരോപണവും തെളിയിക്കാൻ വിജിലൻസിനായില്ല. തന്നെ തേജോവധം ചെയ്യാനാണ് വിജിലൻസ് കേസ് ചുമത്തിയതെന്ന് കാട്ടി നേരത്തെ ടോം ജോസ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

MORE IN KERALA
SHOW MORE