വിഎസ് പുന്നപ്ര–വയലാര്‍ സമരനായകനല്ല, ടി.കെ.പളനിയുടെ തുറന്നുപറച്ചില്‍

Thumb Image
SHARE

പാര്‍ട്ടിയെ വളര്‍ത്താനാണ് വി.എസിനെ സിപിഎം ബിംബമാക്കിയത്

മാരാരിക്കുളത്ത് തോറ്റത് ജനപിന്തുണയില്ലാത്തിനാല്‍

വി.എസിന് എക്കാലത്തും പാര്‍ട്ടിയില്‍ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു

പാര്‍ട്ടിയെ സ്നേഹിച്ചപ്പോഴാണ് പലരും വി.എസിന് എതിരാളികളായത്

മുന്‍ സിപിഎം നേതാവ് ടി.കെ.പളനിയുടെ തുറന്നുപറച്ചില്‍

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസില്‍ സിപിഎം നേതാക്കള്‍ വിശ്രമിക്കുകയായിരുന്നു. പൊടിപാറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്ഷീണത്തിലായിരുന്നു സ്ഥാനാര്‍ഥിയായിരുന്ന വി.എസ് അച്യുതാനന്ദനും. നേരം വൈകി, കൂട്ടിയും കിഴിച്ചും കണക്കെടുക്കുന്ന തിരക്കിനിടയില്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലക്കാരനായിരുന്ന ടി.കെ. പളനിയോട് വി.എസ് ചോദിച്ചു... എത്ര വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും? പളനി പറഞ്ഞു പന്തീരായിരത്തിന് മുകളിലെന്നാണ് സഖാക്കള്‍ നല്‍കിയ കണക്ക്. പക്ഷേ പതിനായിരത്തിനടുത്ത് പ്രതീക്ഷിച്ചാല്‍ മതി. ഇടതുപക്ഷത്തിന്  12091 വോട്ടിന്റെ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ വോട്ടുകുറയുമെന്ന പളനിയുടെ വിലയിരുത്തല്‍ വി.എസിന് അത്ര ദഹിച്ചില്ല. ഫലം വന്നപ്പോള്‍ പളനി പറഞ്ഞത് തന്നെയായിരുന്നു കണക്ക്. പതിനായരം തികയാന്‍ 120 വോട്ടിന്റെ കുറവ്. 

1996ല്‍ വി.എസ് രണ്ടാംവണയും  മല്‍സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ടി.കെ. പളനി തന്നെ തിരഞ്ഞെടുപ്പ് പ്രാചാരണത്തിന് ചുക്കാന്‍ പിടിച്ചു. പക്ഷേ അത്തവണ ഫലം വന്നപ്പോള്‍ കേരളമാകെ ഞെട്ടി. വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കോട്ടയായ മാരാരിക്കുളത്ത് പരാജയപ്പെട്ടു. സ്വന്തം ജില്ലയില്‍ വി.എസിന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ട ചരിത്ര പ്രസിദ്ധമായ മാരാരിക്കുളം കാലുവാരലില്‍ പളനി ശത്രുപക്ഷത്തായി. ജില്ലാസെക്രട്ടറിയേറ്റില്‍ നിന്നു വെട്ടിയരിഞ്ഞ് തോപ്പുവെളി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നെയും നടപടികള്‍. രണ്ടുപതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടിയോട് തന്നെ വിട ചൊല്ലി ഈ എണ്‍പത്തിമൂന്നുകാരന്‍ സിപിഐയിലേക്ക് കളംമാറുകയാണ്. ടി.കെ. പളനിയുമായി മനോരമ ന്യൂസ് കറസ്പോണ്ടന്റ് കെ.സി.ബിപിന്‍ നടത്തിയ അഭിമുഖം.

palani-interview

ചോദ്യം: എന്തുകാരണം കൊണ്ടാണ് ടി.കെ പളനി സിപിഐയില്‍ ചേരുന്നത്?

ഉത്തരം: 21ാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടി.കെ. കുമാരന്റെ അനുജനാണ് ഞാന്‍. 1953ലാണ് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും എനിക്കില്ലായിരുന്നു. എന്റെ അനുഭവ സമ്പത്തുകള്‍ പാര്‍ട്ടിക്ക് ഉപകരിക്കുംവിധം പകര്‍ന്നുനല്‍കി. പാര്‍ട്ടി എനിക്ക് അവസരങ്ങള്‍ നല്‍കി. 1975 മുതല്‍ കഞ്ഞിക്കുഴി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1992 മുതലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായി ഉയരുന്നത്. അക്കാലയളവിലാണ് പാര്‍ട്ടിനടപടികള്‍ നേരിട്ടത്. 

ആദ്യം മാരാരിക്കുളത്ത് വി.എസിന്റെ തോല്‍വിയുടെ പേരില്‍ കുറ്റംചാര്‍ത്തി തരം താഴ്ത്തി. പിന്നീട് പാര്‍ലമെന്റ് തിര‍ഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ പുറത്താക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ചാപ്പകുത്തി മാറ്റിനിര്‍ത്തി. കഞ്ഞിക്കുഴി വിഭാഗീയതയിലും ചില നേതാക്കളുടെ അപ്രീതിക്ക് പാത്രമായി. പിന്നെ അവഗണനയായി, മാറ്റിനിര്‍ത്തലായി. ഒടുവില്‍ സ്വയം പിന്‍മാറി. പക്ഷേ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി എന്റെ ജീവന്റെ ഭാഗമാണ് കമ്യൂണിസം. രാഷ്ട്രീയപ്രവര്‍ത്തനം മാറ്റി നിര്‍ത്തിയൊരു ജീവിതം എനിക്ക് സാധിക്കില്ല. എനിക്ക് പ്രവര്‍ത്തിക്കണം. അതിന് പാര്‍ട്ടിവേണം. അതുകൊണ്ട് സിപിഐയില്‍ ചേരുന്നു.

ചോദ്യം: കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്ത് കഞ്ഞിക്കുഴി മേഖലയില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ല. അത്തരത്തിലുള്ള മൂന്നുരാഷ്ട്രീയ സാഹചര്യങ്ങളിലും താങ്കള്‍ കുറ്റക്കാരനുമാണ്. പാര്‍ട്ടി പറഞ്ഞത് വി.എസിനെ തോല്‍പ്പിച്ചത് താങ്കളും സി.കെ.ഭാസ്കരനും ചേര്‍ന്നാണ് എന്നാണല്ലോ?

ഉത്തരം: വി.എസ് എങ്ങിനെയാണ് തോറ്റത്? അല്ലെങ്കില്‍ വേണ്ട ജയിക്കാന്‍ വി.എസിന് എന്ത് കാരണമാണ് ഉണ്ടായിരുന്നത്? 1991 മുതല്‍ അഞ്ചുവര്‍ഷക്കാലം വി.എസ് ഈ നാട്ടില്‍ എം.എല്‍എയായിരുന്നല്ലോ, എന്ത് വികസനമാണ് അദ്ദേഹം കൊണ്ടു വന്നത്? വോട്ടര്‍മാരുമായി എന്തെങ്കിലും ഒരാത്മബന്ധം അദ്ദേഹം സ്ഥാപിച്ചോ? ഒന്നുമില്ല. വി.എസിന്റെ തോല്‍വിക്ക് കാരണം വി.എസ് തന്നെയാണ്. മറ്റാരുമല്ല. അതാണ് സത്യം.

ചോദ്യം: സിപിഎം നേതാക്കളുടെ വ്യക്തിപരമായ സ്വീകാര്യതയും സ്വാധീനവും മുന്നണിയുടെ വോട്ടിനെ ബാധിക്കുന്ന ഒരു കാലമായിരുന്നോ അത്? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് പാര്‍ട്ടിയില്‍നിന്ന് രഹസ്യമായി ഉണ്ടായിട്ടില്ലേ?

ഉത്തരം: നോക്കൂ, വി.എസ് ആദ്യതവണ മല്‍സരിക്കുമ്പോഴുള്ള സാഹചര്യമായിരുന്നില്ല രണ്ടാം തവണ. ഗൗരിയമ്മ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയശേഷമാണ് 1996ലെ വോട്ടെടുപ്പു നടക്കുന്നത്.  എ.കെ.ആന്റണിയും വി.എം.സുധീരനും ഗൗരിയമ്മയും ചേര്‍ന്ന് മാരാരിക്കുളത്ത് ഒരു വലിയ ജാഥ നടത്തി. അന്നുതന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് ഞങ്ങള്‍ വി.എസിനെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് തിരിച്ചടിയായ ഘടകങ്ങളില്‍ ഒന്ന്.

ചോദ്യം: വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുക, അതിന് ഏറ്റവും ലളിതമായ കാര്യം മാരാരിക്കുളത്ത് തോല്‍പ്പിക്കുക, അതിനപ്പുറം ഒരു കാരണവും ജനങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ?

ഉത്തരം: കള്ളമാണ് അത്. ഞങ്ങള്‍ക്ക് ഏറ്റവും ഗുണം ലഭിക്കുമായിരുന്ന ഒന്നല്ലേ ഇവിടുത്തെ ജനപ്രതിനിധി മുഖ്യമന്ത്രിയാകുന്നത്. അതിന് മുമ്പും ശേഷവും അങ്ങിനെ ഒരു സാഹചര്യം മാരാരിക്കുളത്തുകാര്‍ക്ക് ലഭിച്ചോ? ഞങ്ങള്‍ ഏറ്റവും സന്തോഷിക്കേണ്ടവരല്ലേ? മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിപ്പിടിക്കുന്നവരല്ല ഇടതുപക്ഷമെങ്കിലും അക്കാലത്ത് വി.എസ് മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നു. ഞാന്‍ പറഞ്ഞല്ലോ ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോയിട്ടും ഒരു പാര്‍ട്ടി മെമ്പറെ പോലും മാരാരിക്കുളത്തുനിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത്ര കെട്ടുറപ്പോടെയാണ് ഇവിടെ ഞങ്ങള്‍ പാര്‍ട്ടിയെ കൊണ്ടുനടന്നത്. അവിടെ എങ്ങിനെയാണ് പാര്‍ട്ടിവിരുദ്ധമായ മറ്റൊരു ചിന്ത ഉദിക്കുന്നത്? 

ചോദ്യം: താങ്കളും സി.കെ.ഭാസ്കരനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് വി.എസിനെ കാലുവാരിതോല്‍പിച്ചതെന്നാണല്ലോ പാര്‍ട്ടിവാദം. അതിനുള്ള  തെളിവുകളും പാര്‍ട്ടിക്കു ലഭിച്ചിരുന്നല്ലോ? പിന്നെയെങ്ങനെയാണ് താങ്കളുടെ വാദം വിശ്വസിക്കുക?

ഉത്തരം: (ചിരിക്കുന്നു) എട്ടാംക്ലാസില്‍വച്ച് പഠനം നിര്‍ത്തിയ ഒരു പയ്യനുണ്ടായിരുന്നു. ശിവജി. അവന്‍ അന്ന് മിക്കസമയത്തും പാര്‍ട്ടി ഒാഫിസിലും പരിസരങ്ങളിലുമെല്ലാം ഉണ്ടാകുമായിരുന്നു. ഈ ശിവജിയെ കൊണ്ട് ഒരു പരാതി എഴുതി വാങ്ങിച്ചാണ് ഞങ്ങള്‍ക്കെതിരെ നടപടി എടുത്തത്. ഞാനും സി.കെ ഭാസ്കരനും പാര്‍ട്ടി ഒാഫിസില്‍ ഇരുന്നു വി.എസിനെ തോല്‍പ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഈ പയ്യന്‍ കേട്ടുവെന്നാണ് കത്തിലുള്ളത്. അവന്‍ ഒാഫിസില്‍ കയറിവരുമ്പോഴൊക്കെ ഞങ്ങള്‍ സംസാരം നിര്‍ത്തുമെന്നും അങ്ങിനെ ആരും അറിയാതെ വളരെ രഹസ്യമായാണ് കാലുവാരാനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നും ചിലര്‍ മെനഞ്ഞുണ്ടാക്കി. ഈ കത്തുപോലും നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിച്ചതാണ്.

ചോദ്യം: ആരാണ് ഈ പയ്യനെകൊണ്ട് ഒരു കത്തെഴുതിച്ചത്? ആര്‍ക്കാണ് താങ്കളോട് ഇത്ര വൈരാഗ്യം ഉണ്ടായിരുന്നത്?

ഉത്തരം: വി.എസ് തന്നെ. മറ്റാരുമല്ല. ജനപിന്തുണയില്ലാത്തതുകൊണ്ടാണ് വി.എസ് തോറ്റത്. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അപ്പോള്‍ ഒരു കാരണം ഉണ്ടാക്കണം. മാത്രവുമല്ല അക്കാലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തി പ്രാപിച്ചു വരുന്ന ഘട്ടവുമാണ്. സംസ്ഥാന കമ്മിറ്റി കൈപ്പിടിയില്‍ ഒതുക്കണമെങ്കില്‍ വി.എസിന് ആദ്യം സ്വന്തം ജില്ലയില്‍ കരുത്ത് കാണിക്കണമായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന വി. കേശവന്‍ വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. പക്ഷേ കേശവന് പിന്നാലെ ഞാന്‍ ജില്ലാ സെക്രട്ടറിയാകുമെന്ന് വി.എസ് ഭയന്നുവെന്നാണ് ചില സഖാക്കള്‍ പറഞ്ഞുകേട്ടത്. അപ്പോള്‍ രണ്ടിനും കൂടി ഒരു പരിഹാരം എന്നനിലയില്‍ എന്നെ വെട്ടിവീഴ്്ത്തി.

ചോദ്യം: ശരി, പക്ഷേ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നയാളാണെങ്കിലും വി.എസിന് പാര്‍ട്ടിക്കുള്ളില്‍ അന്നും സ്വാധീനം ഉണ്ടായിരുന്നല്ലോ? അതെങ്ങനെ വന്നു?

ഉത്തരം: വി.എസ് എക്കാലത്തും പാര്‍ട്ടി ചട്ടക്കൂടിന് പുറത്തു പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹത്തിന് താല്‍പര്യങ്ങളുണ്ടായിരുന്നു. എനിക്കെതിരെ പരാതി നല്‍കിയ ശിവജിക്ക് പിന്നീട് കൊല്ലത്തെ ഒരു ആശുപത്രിയില്‍ വി.എസാണ് ജോലി വാങ്ങിക്കൊടുത്തത്. അത് വെള്ളാപ്പള്ളി നടേശന്‍ വഴിയായിരുന്നു. വി.എസ് കമ്യൂണിസ്റ്റുകളെയല്ല ആരാധകരെയാണ് വളര്‍ത്തിയത്. തന്റെ നേതൃത്വത്തെ ചോദ്യംചെയ്തവരെയെല്ലാം വെട്ടിവീഴ്ത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് ആളായത്. കടുത്ത പക കൊണ്ടുനടക്കുന്നയാളാണ് വി.എസ്. ഞങ്ങളൊക്കെ പാര്‍ട്ടിക്കു വേണ്ടിയാണ് എല്ലാം ചെയ്തത്. വി.എസ് എന്താണ് ചെയ്തത്? വിഭാഗീയത വളര്‍ത്തി. പാര്‍ട്ടിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നില്ല, അതാണ് ഞങ്ങള്‍ ചെയ്തകുറ്റം.

ചോദ്യം: പാര്‍ട്ടിയുടെ രാജ്യത്തെതന്നെ ഏറ്റവും മുതിര്‍ന്ന നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ഇത്രയേറെ ദൂഷ്യങ്ങളുള്ള നേതാവാണെങ്കില്‍ വി.എസ് ഇത്ര ഉയരങ്ങളില്‍ എത്തുമോ? താങ്കള്‍ പറയുന്നത് താങ്കളുടെ വ്യക്തിപരമായ വിരോധങ്ങള്‍ അടിസ്ഥാനപ്പെടുത്തിയല്ലേ?

ഉത്തരം: അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ സ്ഥാനമാനങ്ങളാണ് വി.എസിന് പാര്‍ട്ടിക്കകത്ത് കൊടുത്തിട്ടുള്ളത്. വി.എസിനെ പുന്നപ്രവയലാര്‍ സമരസേനാനിയെന്ന് പാര്‍ട്ടി തീരുമാനിച്ച്, പ്രഖ്യാപിച്ച്, കൊണ്ടുവന്ന് ഉയര്‍ത്തിപിടിച്ചതാണ്. 

ചോദ്യം: പുന്നപ്രവയലാര്‍ സമര സേനാനിയല്ലേ?

ഉത്തരം: വി.എസിനോട് തന്നെ ചോദിച്ചുനോക്കൂ. 

ചോദ്യം: അല്ലായെന്നും പറയുന്നുണ്ട്. പാര്‍ട്ടിയിലെ നേതാക്കള്‍ക്കല്ലേ കൂടുതല്‍ അറിയാന്‍ കഴിയുക?

ഉത്തരം: എന്റെ അറിവും അങ്ങിനെയൊക്കെയാണ്. (ചിരിക്കുന്നു...) അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്‍ ഞാന്‍ എന്തങ്കിലും പറയുന്നത് ശരിയാണോ? 

ചോദ്യം: പിന്നെന്തിനാണ് വി.എസ് അച്യുതാനന്ദന്‍ പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തുവെന്ന് സിപിഎം കള്ളംപറഞ്ഞ് പ്രചരിപ്പിക്കുന്നത്?

ഉത്തരം: അന്ന് അതില്‍ കാര്യമുണ്ടായിരുന്നു. അങ്ങിനെ പറയാനും പ്രചരിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്‍ട്ടി ഭിന്നിക്കുന്ന അവസരത്തില്‍ ആലപ്പുഴ ജില്ലയില്‍ തന്നെ ലീഡര്‍ഷിപ്പുള്ള ആളുകളെല്ലാം സിപിഐയിലായിരുന്നു. ടി.വി, പത്മനാഭന്‍, ചന്ദ്രശേഖരന്‍ ഇവരല്ലാവരും സിപിഐയിലാ. ഇപ്പുറത്ത് അങ്ങിനെ പറയത്തക്ക പ്രമുഖരായിട്ടുള്ള നേതാക്കളില്ല. അണികളുണ്ട്. ആ ഘട്ടത്തിലാണ് അങ്ങിനെയൊരു നിലപാടെടുത്തത്. അത് ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

ചോദ്യം: വി.എസ് ഒരു ബിംബമായി മാറി?

ഉത്തരം: അതെ, ശരിയാ, ബിംബമായി മാറി.

MORE IN KERALA
SHOW MORE