മോഹൻലാൽ കുട്ടികളോട് പറഞ്ഞു; മാതാപിതാക്കളെ ചുംബിക്കു

nalalpadam
SHARE

കേരളത്തിലെ സ്കൂളുകളിലെ പതിനായിരക്കണക്കിനു കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത മലയാള മനോരമ നല്ലപാഠം ട്വന്റി 20 ചാലഞ്ചിൽ സംസ്ഥാന, ജില്ലാ തലങ്ങളിലായി 126 വിദ്യാർഥികൾക്കാണു സമ്മാനം ലഭിച്ചത്. ആകെ 3.85 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു നൽകുന്നത്. ടാസ്കുകൾ പൂർത്തിയാക്കി ചാലഞ്ച് ബുക്കുകൾ അയച്ചു തന്ന് മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രശസ്തിപത്രം ലഭിക്കും. 

നല്ലപാഠം ട്വന്റി 20 ചാലഞ്ചിൽ, കാസർകോട് ചെമ്മനാട് പരവനടുക്കം ആലിയ സീനിയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസുകാരി ഫാത്തിമ മിന്ന ജുമാനയ്ക്ക് ഒന്നാം സമ്മാനം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലം പത്തനാപുരം മൗണ്ട് ടാബോർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി നയീമ ഷാനവാസിന് രണ്ടാംസമ്മാനവും കണ്ണൂർ വിളയാങ്കോട് പരിയാരം ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ ആകാശ് കൃഷ്ണന് മൂന്നാം സമ്മാനവും ലഭിച്ചു. 

സംസ്ഥാനതലത്തിൽ 11 പേർക്ക് പ്രോത്സാഹന സമ്മാനമുണ്ട്. അപകടകരമായ ഓൺലൈൻ ഗെയിമുകൾ ഒഴിവാക്കി വിദ്യാർഥികളെ ജീവിതത്തിന്റെ നന്മവഴികളിലൂടെ കൈപിടിച്ചു നടത്താനുള്ള കൗതുകകരമായ ശ്രമമെന്ന നിലയിലാണ് മനോരമ നല്ലപാഠം, ട്വന്റി 20 ചാലഞ്ച് അവതരിപ്പിച്ചത്. മനോരമ ദിനപത്രത്തിലൂടെ 20 ദിവസം നൽകിയ ടാസ്കുകൾ പൂർത്തിയാക്കുക എന്നതായിരുന്നു കുട്ടികൾക്കുള്ള ചാലഞ്ച്. 

കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ പ്രശസ്തരായ 20 വ്യക്തികളാണ് ഈ ടാസ്കുകൾ നിർദേശിച്ചത്: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള ടാസ്കാണ് കൊടുത്തത്.മന്ത്രി ഡോ. തോമസ് ഐസക് കുടുംബ ബജറ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ടു.എഴുത്തുകാരി സുഗതകുമാരി വീട്ടിലൊരു മരം നടാന്‍ പറഞ്ഞപ്പോള്‍ റഫീക്ക് അഹമ്മദ് കർഷകരോടു സംസാരിച്ച് കൃഷിയുമായി ബന്ധപ്പെട്ട വാക്കുകൾ അറിയാന്‍ ആവശ്യപ്പെട്ടു.നടന്‍ മമ്മൂട്ടി ഒരു പുസ്തകം വായിച്ചു തുടങ്ങാന്‍ ടാസ്ക് നല്‍കി. 

മാതാപിതാക്കൾക്കു ചുംബനം നൽകാനാണ് മോഹൻലാൽ ആവശ്യപ്പെട്ടത്. മഞ്ജുവാരിയർ പറഞ്ഞത് നമ്മളെ സഹായിക്കുന്നവരോടു സംസാരിക്കുക എന്നാണ്. ദുൽഖർ സൽമാൻ ഭക്ഷണം പങ്കുവയ്ക്കാന്‍ ടാസ്ക് നല്‍കി.രോഗത്താൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ നിവിൻ പോളി പറഞ്ഞു. 

ഗായിക കെ.എസ് ചിത്ര അമ്മയുടെ ഇഷ്ടപ്പെട്ട പാട്ട് കണ്ടുപിടിക്കാന്‍ ടാസ്ക് നല്‍കി.എക്സൈസ് കമ്മിഷനർ ഋഷിരാജ് സിങ് ആവശ്യപ്പെട്ടത് ലഹരി വിപത്തിനെതിരെ മുദ്രാവാക്യം തയാറാക്കാനാണ്.ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ പി.ആർ. ശ്രീജേഷ് എല്ലാ ദിവസവും ഒരു വ്യായാമം ചെയ്യാന്‍ പറഞ്ഞു. 

പായ്‍വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമിയുടെ ടാസ്ക് മൊബൈലും കംപ്യൂട്ടറും ഒഴിവാക്കി ഒരു ദിനം ചെലവഴിക്കാനായിരുന്നു. 

ഒരോ ദിവസവും പൂർത്തിയാക്കിയ ടാസ്കുകളെക്കുറിച്ച് ട്വന്റി 20 ചാലഞ്ച് ബുക്കിൽ എഴുതണമെന്നും കുട്ടികളോടു നിർദേശിച്ചിരുന്നു. ഇങ്ങനെ എഴുതിയ ചാലഞ്ച് ബുക്കുകൾ കുട്ടികൾ അയച്ചു തന്നതു വിലയിരുത്തിയാണ് വിജയികളെ നിശ്ചയിച്ചത്. ഇരുപതിനായിരത്തിലേറെ ചാലഞ്ച് ബുക്കുകളാണ് പരിഗണനയ്ക്കു ലഭിച്ചത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി എ. ഷാജഹാൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരാണ് സംസ്ഥാനതല വിധിനിർണയം നടത്തിയത്. 

MORE IN KERALA
SHOW MORE