കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കാൻ‌ തീരുമാനം

Thumb Image
SHARE

ജോയ്സ് ജോർജ് എം.പിയുടെ കൊട്ടക്കൊമ്പൂരിലെ ഭൂമിയുടെ പട്ടയം റവന്യൂവകുപ്പ് റദ്ദാക്കിയതിന് പിറകെ, കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നവർക്ക് പരിഗണന നൽകും. റവന്യൂ, വനം, വൈദ്യുതി വകുപ്പ് മന്ത്രിമാർസ്ഥലം സന്ദർശിച്ച് ജനങ്ങളുടെ പാരതികൾ നേരിട്ട് കേൾക്കും. 

ജോയ്സ് ജോർജ് എംപിയും കുടുംബവും കൈയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമി ഉൾപ്പെടെ 3200 ഹെക്ടർഭൂമിയാണ് കുറിഞ്ഞി സങ്കേതത്തിനായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. ജോയ്സ് ജോർജിന്റെ പട്ടയം റവന്യൂവകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തത്. കുറിഞ്ഞി സങ്കേതം സംബന്ധിച്ച നടപടിക്രമങ്ങൾ 2006 ൽആരംഭിച്ചിട്ടും , സെറ്റിൽമെന്റ് ഒാഫീസറായ ദേവികുളം സബ്കലക്ടർക്ക് ഒരു നടപടിയും സ്വീകരിക്കാനായിട്ടില്ല. സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ പ്രധാന തീരുമാനം. ആദ്യം മന്ത്രിമാരുടെ സംഘം പ്രദേശവാസികളുമായി സംസാരിക്കും. തുടർന്ന് ഭൂരേഖകളുടെ പരിശോധന നടക്കും. വളരെകാലമായി അവിടെ താമസിക്കുന്നവർക്കും ആദിവാസികൾക്കും പ്രത്യേക പരിഗണന നൽകും. സ്ഥലം മാറിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് , അതിനുള്ള സഹായം നൽകും.

വളരെ തിടുക്കപ്പെട്ടാണ് വനം വകുപ്പ് വിജ്ഞാപനം ഇറക്കിയതെന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടില്ലെന്നുമാണ് ഒരുവിഭാഗം പ്രാദേശിക രാഷ്ട്രിയനേതാക്കൾ പറയുന്നത്. അതേസമയം സ്വകാര്യ ഭൂമി ഇല്ലാത്ത വില്ലേജുകളിലും ബ്്ളോക്കുകളിലും ഉള്ളകൈയ്യേറ്റം ഒഴിപ്പിച്ചേ മതിയാകൂ എന്ന നിലപാടിലാണ് റവന്യൂ, വനം ഉദ്യോഗസ്ഥർ. ഫലത്തിൽ ഒഴിപ്പിക്കൽ നടപടികൾ നീണ്ടുപോകുകയും കുറിഞ്ഞിസങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വൈകുകയും ചെയ്യുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വൻകിട കൈയ്യേറ്റക്കാർക്ക് പ്രാമുഖ്യമുള്ള മേഖലയിലെ പ്രവർത്തനം ദേവികുളം സബ്കലക്ടർക്ക് വെല്ലുവിളിയാകും. സർക്കാർതീരുമാനം കുറച്ചുകാലത്തേക്കെങ്കിലും ജോയ്സ് ജോർജിന് ഗുണകരമാകുമെന്ന വിമർശനവും ഉയർന്നേക്കാം.

MORE IN KERALA
SHOW MORE