ചാണ്ടിക്കായി ചില പിണറായി ഉദാരതകള്‍, മര്യാദകള്‍..!

Pinarayi-Vijayan-Thomas-Chandy2
SHARE

ഇടതുമുന്നണിയുടെ രാഷ്ട്രീയം തോമസ് ചാണ്ടിയുടെ തീരുമാനത്തിന് വിട്ടു കൊടുത്തതാരാണ്? മുന്നണിയെ അപഹാസ്യമാക്കിയ രാജിവിവാദത്തില്‍ ഏറ്റവും പ്രസക്തമായ ചോദ്യം ഇതുതന്നെയാണ്. സി.പി.ഐയുടെ ബഹിഷ്കരണത്തില്‍ പ്രതിഷേധിക്കും മുന്‍പ് സി.പി.എം മറുപടി പറയേണ്ടത് ഈ ചോദ്യത്തിനാണ്. തോമസ് ചാണ്ടി എന്ന ധനാഢ്യനു മുന്നില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയം തല കുനിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നതാണ് കാതലായ മറ്റൊരു ചോദ്യം. സിപിഐയോട് കലഹം കൂടി, ചാണ്ടിയെ സംരക്ഷിക്കാന്‍ കാട്ടിയ വെപ്രാളങ്ങളെ മറച്ചുപിടിക്കാമെന്ന് സിപിഎം കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണെന്ന് ആദ്യമേ പറയട്ടെ. തോമസ് ചാണ്ടി ഏറ്റുവാങ്ങിയ പുതുമുന്നണിമര്യാദകളും ഉദാരതകളും കണ്ട് അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഒപ്പം മറ്റുചിലതുകൂടിയുണ്ട്,  കലങ്ങിയ കായലില്‍ രാഷ്ട്രീയ മുതലെടുപ്പിനായി മുങ്ങിത്തപ്പിയെന്ന അപഖ്യാതി സി.പി.ഐ ഏറ്റെടുക്കണം. എല്ലാം കഴിഞ്ഞപ്പോള്‍ നിലം നഷ്ടപ്പെട്ട ജാള്യത പ്രതിപക്ഷവും ചുമന്നേപറ്റൂ.  

മുഖ്യമന്ത്രി മറുപടി പറയേണ്ടത്

തോമസ് ചാണ്ടി ഇടതുപക്ഷരാഷ്ട്രീയത്തിനാരായിരുന്നുവെന്ന ചോദ്യത്തിനാണ് മുന്നണി മറുപടി പറയേണ്ടത്. മുഖ്യമന്ത്രി മറുപടി നല്‍കേണ്ടത്. ഭൂമി വിവാദം ഉയര്‍ന്നപ്പോള്‍, അന്വേഷണം പോലും നടക്കും മുന്‍പ് തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി തന്നെയാണ് അന്ന് നിയമസഭയില്‍ അത് സാക്ഷ്യപ്പെടുത്തിയതാണ് അദ്ദേഹം. അന്നു മുതലിന്നോളം, തോമസ് ചാണ്ടി രാജിവച്ച പകലില്‍ പോലും മുഖ്യമന്ത്രി സ്വീകരിച്ച സൗമ്യമായ കരുതലിനെ വിളിക്കേണ്ട പേരാണോ രാഷ്ട്രീയ മര്യാദ? താന്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ  കോടതിയെ സമീപിച്ച മന്ത്രിയുടെ തീരുമാനത്തിനായി വിശാലമനസ്കനായ മുഖ്യമന്ത്രി കാത്തിരുന്നത് സമയപരിധിയില്ലാതെയാണ് എന്നോര്‍ക്കണം.  

ഈ മുഖ്യമന്ത്രിയെയാണ് തോമസ് ചാണ്ടിയുടെ കാര്യം തീരുമാനിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് ഇടതുമുന്നണി കൈകഴുകിയത്. ഹൈക്കോടതി പോലും രാജിവച്ചേ മതിയാകൂവെന്ന് കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയ മന്ത്രി, സുപ്രീംകോടതിയിലേക്കു കുതിക്കാന്‍ ഡല്‍ഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴും മുന്നണിമര്യാദയുടെ പേരില്‍ കാത്തിരിക്കുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഹൈക്കോടതി തന്റെ വഴിക്കു വരുമെന്ന പണക്കൊഴുപ്പിന്റെ ധാര്‍ഷ്ട്യത്തില്‍ ഇടതുസര്‍ക്കാരിന്‍റെ നടപടികളെ പരസ്യമായി വെല്ലുവിളിച്ച് മുന്നേറിയ തോമസ് ചാണ്ടിക്കു മുന്നില്‍ നിശബദ്ത പാലിച്ചതിനും പേര് മുന്നണി മര്യാദയെന്നാണ്. 

Thumb Image

ഉറപ്പാണ്, ചെറിയൊരു പഴുതെങ്കിലുമുണ്ടായിരുന്നെങ്കില്‍ സുപ്രീംകോടതി വരെ ചാണ്ടിക്കായി കാത്തിരിക്കാന്‍ തയാറായിരുന്നു മുഖ്യമന്ത്രി. പിണറായി വിജയനപ്പുറം ഒരു ചോദ്യവുമുണ്ടായിരുന്നില്ല സി.പി.എമ്മിനും. കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചത് ഹൈക്കോടതിയുടെ കനത്ത പ്രഹരമാണ്. തക്കം പാര്‍ത്തിരുന്ന സി.പി.ഐയുടെ മന്ത്രിസഭാ ബഹിഷ്കരണമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന് തോമസ് ചാണ്ടി ഇത്രമേല്‍ അനിവാര്യനായതെങ്ങനെയെന്ന ചോദ്യത്തിന് ഒരു മുന്നണിമര്യാദയും ഉത്തരമായി തികയില്ല.  

ഇടതുരാഷ്ട്രീയത്തിന് ചേരാത്തത്

ഭൂമികയ്യേറ്റവും നിയമലംഘനങ്ങളും ഈ സര്‍ക്കാര്‍ നിയോഗിച്ച കലക്ടര്‍ കണ്ടെത്തിയ അന്ന് മന്ത്രിസ്ഥാനമൊഴിയേണ്ട തോമസ് ചാണ്ടിയെയാണ് സി.പി.എം ചുമന്ന് ഹൈക്കോടതി വരെ എത്തിച്ചത്. കലക്ടറുടെ കണ്ടെത്തലിനെതിരെ നിയമപരമായ പ്രതിരോധം തീര്‍ക്കാന്‍ തോമസ് ചാണ്ടിക്കെന്നല്ല ഏതു വ്യക്തിക്കും അവകാശമുണ്ട്. പക്ഷേ മന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷമെന്ന് ചൂണ്ടിക്കാണിക്കാന്‍ കരുത്തുള്ളൊരു രാഷ്ട്രീയവും ഇടതുമുന്നണിക്കുണ്ടായില്ലെന്ന് ചരിത്രം രേഖപ്പെടുത്തി വയ്ക്കും. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി  ജയിക്കാന്‍ ഭരണമുന്നണി കാത്തിരുന്നൊരു ചരിത്രവും ഇതുവരെയുണ്ടായിട്ടുമില്ല. തോറ്റു കൊടുക്കാന്‍ തയാറായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. പക്ഷേ ഹൈക്കോടതിക്കുണ്ടായി, ഇടതുമുന്നണിക്ക് ഇല്ലാതെ പോയ രാഷ്ട്രീയ ജാഗ്രത.  ഭരണഘടനാലംഘനമാണെന്നു പറയാന്‍ കോടതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തൊട്ടടുത്ത നിമിഷം രാജി ആവശ്യപ്പെടേണ്ടതാണ് മുഖ്യമന്ത്രി. പക്ഷേ മുന്നണി മര്യാദയുെട തണലില്‍ തോമസ് ചാണ്ടി വീണ്ടും കേരളത്തെ വെല്ലുവിളിച്ചു. 

ഹൈക്കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി തിരിച്ചെത്തുന്ന തോമസ് ചാണ്ടിയെ കാത്തിരുന്ന മുഖ്യമന്ത്രിക്ക് ഗത്യന്തരമില്ലാതെ വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നിട്ടു പോലും ഉറപ്പിച്ചൊരു വാക്കു പറയാനായില്ലെന്നത് ഏതു മര്യാദയുടെ കണക്കില്‍ എഴുതിവയ്ക്കും ഇടതുരാഷ്ട്രീയം·? ആ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നിഴലിച്ച നിസ്സഹായത, അത് സത്യമെങ്കില്‍,  ഇടതുരാഷ്ട്രീയത്തെ ആകെ പേടിപ്പിക്കേണ്ടതാണ്. ഈ നിമിഷം വരെയും ശക്തനായ മുഖ്യമന്ത്രിയോ സി.പി.എമ്മോ തോമസ് ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് ഓര്‍ക്കേണ്ടത്.  മന്ത്രിസ്ഥാനം ഒഴിച്ചിട്ട് കാത്തിരിക്കുന്നത് ഇതേ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നിന്ന് അനൂകൂലവിധിയുമായെത്താനാണ്.  തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനു ചോദ്യങ്ങളുള്ളത് സി.പി.ഐയോടു മാത്രമാണ്, ജനങ്ങളോട് ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള കെല്‍പ് ഇല്ലെന്ന് ചുരുക്കം. കേരളത്തിന്റെ പൊതുനന്‍മ എന്ന നിലപാടിനൊപ്പം സിപിഎം ഇല്ല എന്നുതന്നെ ഉറക്കെപ്പറയട്ടെ.  

MORE IN KERALA
SHOW MORE