ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാവലംബൻ പദ്ധതി മുടങ്ങി

Thumb Image
SHARE

ഭിന്നശേഷിക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്ത് മുടങ്ങി. ഇന്‍ഷുറന്‍സിനുളള കേന്ദ്ര സബ്്സിഡി ലഭിക്കാതായതോടെയാണ് പദ്ധതി മുടങ്ങിയത്. ഇന്‍ഷുറന്‍സ് മുടങ്ങിയതോടെ ചികില്‍സ ചെലവ് താങ്ങാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് ആയിരക്കണക്കിന് നിര്‍ധനരായ ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍. 

കൊച്ചി തമ്മനം സ്വദേശി ഭിന്നശേഷിക്കാരനായ ലിജോയ്ക്ക് മുന്നാഴ്ച മുമ്പാണ് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്നത്. ഭിന്നശേഷിക്കാര്‍ക്കായുളള സ്വാവലംബന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പണം കിട്ടുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങി ലിജോയുടെ കുടുംബം ശസ്ത്രക്രിയ നടത്തി. പക്ഷേ ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ തുക കിട്ടാതെ വന്നതോടെയാണ് ലിജോയും കുടുംബവും കാരണം അന്വേഷിച്ചത്. ഇന്‍ഷുറന്‍സ് പദ്ധതി കഴിഞ്ഞ ഏഴു മാസമായി മുടങ്ങിയിരിക്കുകയാണെന്നായിരുന്നു ലിജോയ്ക്കും കുടുംബത്തിനും കിട്ടിയ മറുപടി. 

ഇന്‍ഷുറന്‍സ് മുടങ്ങിയതോടെ ലിജോയെ പോലെ ഭിന്നശേഷിക്കാരായ ആയിരക്കണക്കിന് നിര്‍ധനരുടെ കുടുംബങ്ങളാണ് നിസഹായാവസ്ഥയിലായത്. ഇന്‍ഷുറന്‍സിന്‍റെ തൊണ്ണൂറു ശതമാനം പ്രീമിയം തുക കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും വിധമായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തുക ഒടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇന്‍ഷുറന്‍സ് മുടങ്ങാനുളള കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. പദ്ധതി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ പക്ഷേ ആര്‍ക്കും ഉത്തരമില്ല. 

MORE IN KERALA
SHOW MORE