പിവി അൻവർ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച അനധികൃത തടയണ പൊളിക്കാതെ സർക്കാർ

Thumb Image
SHARE

പി.വി അൻവർ എം.എൽ.എ മലപ്പുറം ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച അനധികൃത തടയണ പൊളിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടുപോവുന്നു. തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോവുകയാണ്. 

രണ്ടു വർഷം മുൻപ് മനോരമന്യൂസാണ് പി.വി.അൻവർ എം.എൽ.എ അനധികൃതമായി നിർമിച്ച തടയണയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വാർത്തയെ തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയും താൽകാലികമായി നിർമാണം നിർത്തിവക്കുകയും ചെയ്തിരുന്നു. അന്നു തന്നെ തടയണ പൊളിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം നിർദേശവും നൽകിയിരുന്നു.തടയണ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.ജലസേചന വകുപ്പിലെ എക്സിക്യൂട്ടീവ് എൻ‌ജിനീയർക്കായിരുന്നു പരിശോധനാ ചുമതല.പരിശോധന പൂർത്തിയാക്കി റിപ്പോർട്ടും സമർപ്പിച്ചിരുന്നു.തടയണക്കു താഴെ താമസിക്കുന്ന ആദിവാസികൾക്ക് ലഭിക്കേണ്ട ശുദ്ധജലമാണ് തടയണ കെട്ടിവച്ച് തടഞ്ഞുവച്ചതെന്നും അനധികൃതമായി നിർമിച്ച തടയണ പൊളിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ തടയണ പൊളിച്ചുമാറ്റുന്ന നടപടികളൊന്നും തന്നെ നടപ്പായില്ല.ഇതിനിടയിൽ പെരിന്തൽമണ്ണ ആർ.ഡി.ഒ മാറി പുതിയ ആൾ ചുമതലയേറ്റു. ഇതിനു ശേഷമണ് ജില്ലാ ഭരണകൂടം ഇടപെട്ട് തടയണപൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടി വീണ്ടും ആരംഭിച്ചത്.ഇതുപ്രകാരം എല്ലാ പരിശോധനകളും പൂർത്തിയാക്കുകയും തടയണപൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതി അനുമതി ലഭിക്കുകയും ചെയ്തു.എന്നിട്ടും തടയണ പൊളിക്കുന്നതിനുള്ള തീരുമാനം ജില്ലാ ഭരണകൂടം നീട്ടികൊണ്ടുപോവുകയാണ് എം.എൽ.എ എന്ന നിലയിലുള്ള പി.വി അൻവറിന്റെ സ്വാധീനമാണ് ഇതിലൂടെ വ്യക്തമാവുന്നത്. 

MORE IN KERALA
SHOW MORE