സിപിഎം, ബിജെപി ഏറ്റുമുട്ടൽ; സ്ഥിതി നിയന്ത്രണവിധേയം

Thumb Image
SHARE

സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ തിരുവനന്തപുരത്തും കണ്ണൂരും തിരുവല്ലയിലും സ്ഥിതി നിയന്ത്രണവിധേയം. ഇരുപക്ഷവും തിരിച്ചടിക്കുള്ള ശ്രമം നടത്തിയേക്കുമെന്ന ആശങ്കയില്‍ പൊലീസ് ജാഗ്രതപാലിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം കരിക്കകത്ത് രണ്ടും തിരുവല്ലയില്‍ ഒന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകനേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുമുണ്ടായി. ഏഴുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. 

നഗരസഭയിലുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഇരുപാർട്ടികളും പ്രാദേശികതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനങ്ങൾക്കിടെയായിരുന്നു സംഘർഷം. കരിക്കകത്ത് സി.പി.എം നടത്തിയ പ്രകടനത്തിനിടെ ക്ഷേത്രത്തിനുമുന്നിലെത്തിയപ്പോഴാണ് രണ്ടുപേർക്ക് വെട്ടേറ്റത്. ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന അയ്യപ്പതാവളം പ്രകടനക്കാർ തകർത്തുവെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സി.പി.എം പ്രവർത്തകരായ പ്രദീപ്, അരുൺ ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വൈകിട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം കടന്നുപോയതിനു പിന്നാലെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായത്. ജനൽചില്ലുകൾ ഉൾപ്പെടെ ഓഫീസിന് കേടുപാടുകൾ സംഭവിച്ചു. ആർ.എസ്.എസ്.പ്രവർത്തകരാണ് ഇരുസംഭവങ്ങൾക്കും പിന്നിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസിനേയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. 

ബി.ജെ.പി അക്രമങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിൽ വ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. സംഘർഷങ്ങൾ പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. 

MORE IN KERALA
SHOW MORE