ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

Thumb Image
SHARE

വിനോദസഞ്ചാര രംഗത്തെ അനാശാസ്യ പ്രവണതകൾ അവസാനിപ്പിക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഞ്ചുവർഷത്തിനകം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ നൂറുശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ അൻപതുശതമാനവും വർധന ലക്ഷ്യമിടുന്ന വിനോദസഞ്ചാര നയം ഉടൻ പ്രാബല്യത്തിലാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു. 

നിയന്ത്രണ വിധേയമല്ലാത്ത വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച സുസ്ഥിരമല്ലെന്ന് തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടൂറിസം നയം. സംസ്ഥാനവരുമാനത്തിന്റെ പത്തുശതമാനം ടൂറിസം മേഖലയില്‍ നിന്നാണ്. മികച്ച ടൂറിസം കേന്ദ്രങ്ങള്‍ പോലും ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങളും വിലയിരുത്തി. ടൂറിസം വകുപ്പിന് ഈ മേഖലയിൽ കാര്യമായ ഇടപെടൽ ഇല്ലാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ അതോറിറ്റി. 

ആധുനിക വിനോദസഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളേക്കാള്‍ ജീവിതഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണ് കേരളത്തിലെത്തുന്നത്. സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചക്കാരായി മാത്രം മാറ്റാതെ അവിടുത്തെ ചുറ്റുപാടില്‍ ഭാഗഭാക്കാക്കുന്നതാണ് പുതിയകാലത്തെ പ്രവണത. പുതിയ 1000 ക്ലാസിഫൈഡ് ഹോംസ്റ്റേകൾ കൂടി ലക്ഷ്യമിടുന്നു. ബിനാലെ ,ഒാണം,പൂരം എന്നിവയൊക്കെ ഉൾക്കൊള്ളിച്ച് വാർഷിക കലണ്ടർ തയാറാക്കും. ടൂറിസം കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. കേരള ടൂറിസത്തിന് ഒരു ബ്രാന്‍ഡ് അംബാസിഡറെ നിയോഗിക്കും. ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറ‍ഞ്ഞു.

MORE IN KERALA
SHOW MORE