ഗെയ്ൽ സമരം: പ്രതിഷേധം തണുപ്പിക്കാന്‍ പൊലീസിന്റെ കര്‍മസേന

Thumb Image
SHARE

കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഗെയ്ൽ പൈപ്പ് ലൈനെതിരായ പ്രതിഷേധം തണുപ്പിക്കാൻ പൊലീസിന്റെ പ്രത്യേക കർമസേന. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പൊലീസിന്റെ നാൽപതംഗ സംഘത്തിന് രൂപം നൽകിയത്. ഗെയ്ൽ പദ്ധതിക്കെതിരായ തടസം പരിഹരിക്കാൻ റവന്യൂ വകുപ്പിന്റെ ഇടപെടൽ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയാണ് പൊലീസിന്റെ പുതിയ നീക്കം. 

സമരക്കാരെ തല്ലിയൊതുക്കിയ പൊലീസ് തന്നെ ഇരകളുടെ ആശങ്ക പരിഹരിക്കാൻ എത്തുന്നു എന്നതാണ് ശ്രദ്ധേയം. അടുത്തദിവസം മുതൽ അഞ്ചംഗ പൊലീസ് സംഘം ഭൂമി നഷ്ടപ്പെടുന്നവരുടെ അടുത്തെത്തും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചും സർക്കാർ നഷ്ടപരിഹാരത്തോത് കൂട്ടിയതും അത് കിട്ടാനുള്ള എളുപ്പമാർഗത്തെക്കുറിച്ചും വിശദീകരിക്കും. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ റവന്യൂ വകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ് പൊലീസ് നാൽപതംഗ കർമസേനയ്ക്ക് രൂപം നൽകിയത്. കോഴിക്കോട് നഗരത്തിലെ മുന്തിയ ഹോട്ടലിൽ പൊലീസുകാരെ പഠിപ്പിക്കാൻ ഡിജിപി രാജേഷ് ദിവാൻ നേരിട്ടെത്തി.

ക്രമസമാധാന പാലനത്തിനൊപ്പം ഗെയ്‌ലിനും നാട്ടുകാർക്കുമിടയിൽ പൊലീസ് മധ്യസ്ഥരമായി പ്രവർത്തിക്കണമെന്നാണ് നിർദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഗെയ്്ൽ പൈപ്പിടൽ പൂർത്തിയാകുന്നത് വരെ ഇത് തുടരും. പ്രതിഷേധക്കാർ അക്രമാസക്തരായാലും സംയമനം പാലിക്കണമെന്നും നിർദേശമുണ്ട്. ആദ്യസംഘത്തിന്റെ പ്രവർത്തന മികവ് പരിശോധിച്ച ശേഷം കൂടുതൽ പൊലീസുകാർക്ക് പരിശീലനം നൽകും. ഗെയ്്ൽ പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ വില്ലേജ് ഓഫിസിൽ സഹായകേന്ദ്രമുണ്ട്. പത്ത് സെന്റിൽ താഴെ ഭൂമി നഷ്ടപ്പെടുന്നവർക്ക് കൂടുതൽ സഹായം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചിരുന്നു. ഈ ഇടപെടലുകൾക്കിടയിലും പദ്ധതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പൊലീസ് സേനയെ ഇറക്കാനുള്ള സർക്കാർ തീരുമാനം. 

MORE IN BREAKING NEWS
SHOW MORE