അമിതവേഗം വിനയായി; കാറിലുണ്ടായിരുന്നത് വ്യവസായ പ്രമുഖരുടെ മക്കൾ

car-accident
SHARE

കവടിയാർ രാജ്ഭവനു മുന്നിൽ ഒാട്ടോയിൽ തട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിന് കാരണം അമിത വേഗമെന്ന് പൊലീസ്. ആധുനിക സുരക്ഷാസംവിധാനങ്ങളുളള പുതുപുത്തൻ ആഡംബര കാര്‍ ഇത്തരത്തില്‍ തകരുകയും യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്യണമെങ്കില്‍ കാര്‍ അത്രയേറെ ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തതിനാലാണെന്ന് പൊലീസ് പറയുന്നു. എയര്‍ ബാഗുകള്‍ ഉള്‍പ്പടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബരക്കാറാണ് അപകടത്തില്‍ പെട്ടത്. താത്കാലിക രജിസ്ട്രേഷന്‍ മാത്രമാണ് കാറിനുണ്ടായിരുന്നത്. എസ് പി ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ്(20) ആണ് മരിച്ചത്. ആദർശാണ് കാറോടിച്ചിരുന്നത്.

മറ്റൊരു കാറുമായി നടത്തിയ മത്സരയോട്ടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് നൽകുന്ന സൂചനയെങ്കിലും ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടക്കുമ്പോൾ കാറിൽ മരണമടഞ്ഞ ആദർശും മൂന്നും പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ വ്യവസായ പ്രമുഖരുടെ മക്കളാണ്. 

adarsh

രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഒാട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ തലകീഴായി മറഞ്ഞത്.ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാർ തുറക്കാൻ പോലും സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അതി നൂതന സാങ്കേതിക സംവിധാനങ്ങളുളള കാർ ഇത്തരമൊരു അപകടത്തിൽപ്പെട്ടതും ആശ്ചര്യത്തിന് വഴിവെച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ ഹെഡ്‌ലെറ്റ് ദൂരത്തേയ്ക്ക് തെറിച്ചു പോയിരുന്നു.

ന്യൂ തിയറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ശിൽപ്പയ്ക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മൂവരും അബോധവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിൽപ കൊച്ചി സ്വദേശിയാണ്. മറ്റുള്ളവർ തിരുവന്തപുരം സ്വദേശികളാണെന്നാണു സൂചന. പരുക്കേറ്റ ഒാട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

MORE IN KERALA
SHOW MORE