ബെംഗളൂരു സോളര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി നേരിട്ട് പണം വാങ്ങിയെന്നതിന് തെളിവില്ലന്നും, രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലന്നും കോടതി നിരീക്ഷിച്ചു. ബെംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി.
ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ ബെംഗളൂരു വ്യവസായി എം കെ കുരുവിളയ്ക്ക് കഴിഞ്ഞിട്ടില്ല. പരാതിയില്‍ എവിടെയും ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് ആരോപിക്കുന്നില്ല, അതിന് തെളിവുമില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പാട്ടീല്‍ മോഹന്‍കുമാര്‍ ഭീമ ഗൗഡ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതേ പരാതിയുമായി എം കെ കുരുവിള തന്നെ സമീപിച്ചിരുന്നുവെന്നും അപ്പോഴൊന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. ഇതോടെ ഉമ്മന്‍ ചാണ്ടിക്ക് പിഴ ശിക്ഷ വിധിച്ചത് റദ്ദായി.
4000 കോടി രൂപയുടെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ സ്കോസ എജുക്കേഷണ്‍ കണ്‍സള്‍ട്ടന്‍സി1.35 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. 12 ശതമാനം പലിശ അടക്കം 1.61 കോടി രൂപ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ആറ് പ്രതികള്‍ പരാതിക്കാരന് നല്‍കണമെന്നായിരുന്നു ആദ്യ വിധി. ഏകപക്ഷീയ വിധിയാണെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെയുള്ള നടപടി തുടരും.