കടുത്തുരുത്തി ∙ വീടിന്റെ പോർച്ചിൽ നിന്ന് തനിയെ ഉരുണ്ട് റോഡിലേക്കു നീങ്ങിയ കാറിടിച്ചു നിയന്ത്രണം വിട്ട ലോറി സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി മതിലിലിടിച്ചു നിന്നു.
സ്കൂട്ടർ യാത്രികൻ കടുത്തുരുത്തി ഇടിയോടിത്തറ രമേശന് (50) ഗുരുതരമായി പരുക്കേറ്റു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ് രമേശൻ.
ഇന്നലെ രാവിലെ പത്തരയോടെ കോട്ടയം–എറണാകുളം റോഡിൽ കടുത്തുരുത്തി ബ്ലോക് ജംക്ഷനു സമീപമാണ് അപകടം.
ആദപ്പള്ളിൽ ജോബിയുടെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറാണ് ഗേറ്റ് തകർത്തു തിരക്കേറിയ റോഡിലേക്കെത്തിയത്.
തേനിയിൽ നിന്ന് എറണാകുളത്തേക്കു പലചരക്കു കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറിയിലിടിച്ച കാറുമായി പത്ത് മീറ്ററോളം മുന്നോട്ടോടിയ ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറും സ്കൂട്ടറോടിച്ച രമേശനും ലോറിക്കടിയിൽ കുടുങ്ങി. നാട്ടുകാരാണ് രമേശനെ ലോറിക്കടിയിൽ നിന്ന് എടുത്ത് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിച്ചത്.വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് രാജഗിരി മെഡിക്കൽ കോളജിലേക്കു മാറ്റി.